Sunday, November 24, 2024

ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; മാനുഷിക പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

ഗാസയിലെ തെക്കന്‍ റഫായില്‍ കഴിയുന്ന പലസ്തീനികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കി ഇസ്രയേല്‍ ആക്രമണം. ഒരുലക്ഷത്തിലധികം പേരാണ് ബോംബിങ് കടുത്തതോടെ പലായനം ചെയ്തത്. ഈജിപ്തില്‍നിന്നുള്ള റഫാ അതിര്‍ത്തി ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലേക്കുള്ള സഹായ വിതരണങ്ങള്‍ തടസപ്പെട്ടിരുന്നു. മാനുഷിക പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍) അഭിപ്രായപ്പെട്ടിരുന്നു.

പുതുതായി കുടിയിറക്കപ്പെട്ട മനുഷ്യര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാതെ വലയുകയാന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഫായിലെ അഭയാര്‍ഥി ക്യാമ്പുകളില്‍നിന്ന് കുടിയിറക്കപ്പെടുന്നവര്‍, ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായ അവശിഷ്ടങ്ങള്‍ക്കിടയിലേക്കാണ് തിരികെ പോകുന്നത്. റഫാ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നവരുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

വെടിനിര്‍ത്തലിന് വേണ്ടി ഈജിപ്തില്‍ നടന്ന ചര്‍ച്ചകളുടെ ഏറ്റവും പുതിയ റൗണ്ട് അവസാനിച്ചതായും റഫായിലും ഗാസയിലെ മറ്റ് ഭാഗങ്ങളിലും ആസൂത്രണം ചെയ്തതുപോലെ ഇസ്രയേല്‍ അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനുമാണ് തീരുമാനം.

ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങളും ടാങ്കുകള്‍ ഉപയോഗിച്ച് ആവര്‍ത്തിച്ചുള്ള ബോംബാക്രമണങ്ങളും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഇസ്രയേലി സൈനികര്‍ക്ക് നേരെ ഹമാസ് നിരവധി റോക്കറ്റ് ആക്രമണങ്ങളും നടത്തുന്നുണ്ട്. തിങ്കളാഴ്ച ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി ഒഴിപ്പിച്ച റഫായുടെ കിഴക്കന്‍ സമീപപ്രദേശങ്ങളിലാണ് പ്രധാനമായും ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍ പല ബോംബാക്രമണങ്ങളും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയും ഉണ്ടാകുന്നുണ്ട്.

 

Latest News