Saturday, November 23, 2024

യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു കരാറിലും ഒപ്പിടില്ല; ഹമാസ്

ഗാസയില്‍ നടക്കുന്ന ഇസ്രായേലിന്റെ നരഹത്യ അവസാനിപ്പിച്ചില്ലെങ്കില്‍ ഒരു കരാറിലും ഒപ്പിടില്ലെന്ന് വ്യക്തമാക്കി പലസ്തീന്‍ വിമോചന സംഘടനയായ ഹമാസ്. ബന്ദിമോചനവും വെടിനിര്‍ത്തലും സംബന്ധിച്ച് ദോഹയില്‍ നടന്ന ദ്വിദിന ചര്‍ച അവസാനിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.

ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ഇസ്രായേലാണ്. മേയ് അവസാനം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച കരാറിന്റെ രൂപരേഖയോട് ജൂലൈ 2 ന് തന്നെ ഞങ്ങള്‍ പ്രതികരിച്ചിരുന്നു. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള കരാറിന് മാത്രമേ ഞങ്ങള്‍ക്ക് താല്‍പ്പര്യമുള്ളൂ’ -ഹമാസ് വ്യക്തമാക്കി.

എന്നാല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ -ബന്ദിമോചന കരാറിലേക്ക് കൂടുതല്‍ അടുത്തിരിക്കുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെ പറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദോഹയില്‍ നടന്ന സന്ധി സംഭാഷണത്തിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം.

കരാറിന് അടുത്ത ആഴ്ചയോടെ അന്തിമരൂപം കൈവരിക്കുമെന്ന് മധ്യസ്ഥരായ ഖത്തര്‍, അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍, നിരന്തരം ചര്‍ച്ച നടത്തി ഇസ്രായേല്‍ പ്രഹസനമാക്കുകയാണെന്നാരോപിച്ച് ഹമാസ് ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല.

അതിനിടെ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഗാസ യുദ്ധം ആരംഭിച്ച ശേഷം ബ്ലിങ്കന്‍ നടത്തുന്ന പത്താമത്തെ സന്ദര്‍ശനമാണിത്. വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പാക്കാന്‍ ബ്ലിങ്കന്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

Latest News