Saturday, November 23, 2024

2.5 കോടി തൊഴില്‍ വര്‍ഷംതോറും സൃഷ്ടിച്ചെന്ന വാദം ചോദ്യം ചെയ്ത് റിപ്പോര്‍ട്ട്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വേതനം ഉറപ്പാക്കുന്നതിലും ഏറെ ദൂരം മുന്നിലെത്താനായെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശ വാദം പൊള്ളയാണെന്ന ആരോപണവുമായി കര്‍ണാടകത്തില്‍ നിന്നുള്ള ബഹുത്വ ഫോറം. രാജ്യത്തെ തൊഴില്‍, വേതനം, അസമത്വം എന്നിവ സംബന്ധിച്ച് പഠിച്ച് ഇവര്‍ പുറത്തുവിട്ട കണക്കുകളില്‍ പ്രധാനമന്ത്രി മോദി അടക്കം ഉന്നയിച്ചിട്ടുള്ള വലിയ നേട്ടങ്ങളെയാണ് വിമര്‍ശിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ എന്‍ഡിഎ ഭരണ കാലത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും തൊഴില്‍ ലഭ്യമാക്കുന്നതിലും വേതനം വര്‍ധിപ്പിക്കുന്നതിലുമൊന്നും കേന്ദ്രസര്‍ക്കാരിന് കാര്യമായ നേട്ടം അവകാശപ്പെടാനില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎ സര്‍ക്കാരിന്റെ തൊഴിലധിഷ്ഠിത നേട്ടങ്ങളെ ചോദ്യം ചെയ്യുന്നതാണ് ബഹുത്വ കര്‍ണാടകയുടെ റിപ്പോര്‍ട്ട്. 2019 ല്‍ പ്രധാനമന്ത്രി തന്നെ അവകാശപ്പെട്ടത് പ്രകാരം രാജ്യത്ത് വര്‍ഷം 2.5 കോടി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നാല്‍ ബഹുത്വ കര്‍ണാടകയുടെ റിപ്പോര്‍ട്ട് പ്രകാരം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളടക്കം ലഭിക്കുന്ന ഔദ്യോഗിക തൊഴിലുകള്‍ അധികമൊന്നും സൃഷ്ടിക്കപ്പെട്ടില്ല. എന്നാല്‍ സ്വയം തൊഴില്‍ രംഗത്ത് വലിയ തോതില്‍ വളര്‍ച്ചയുണ്ടായി. വേതനം വര്‍ധിച്ചെങ്കിലും വിലക്കയറ്റം ഉയര്‍ന്നതിനാല്‍ വര്‍ധിച്ച വേതനം പോലും പര്യാപ്തമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ദേശീയ തലത്തില്‍ മിനിമം വേതനം ലഭിക്കാത്ത വീടുകളുടെ എണ്ണം തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ ചൂണ്ടിക്കാട്ടുന്നു. ദിവസം 375 രൂപ പോലും വരുമാനമില്ലാത്തവരാണ് രാജ്യത്തെ 34 ശതമാനം വീടുകളുമെന്ന് കണക്ക് ചൂണ്ടിക്കാട്ടുന്നു. വേതനത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക അന്തരം ജനത്തിനിടയില്‍ ഈ കാലത്ത് വര്‍ധിച്ചിട്ടുണ്ട്. 2022 ലെ കണക്ക് പ്രകാരം രാജ്യത്തെ ഒരു ശതമാനം സമ്പന്നര്‍ മൊത്തം ദേശീയ വരുമാനത്തിന്റെ 22 % വും, സമ്പന്നരിലെ ആദ്യ 10 ശതമാനം പേര്‍ മൊത്തം വരുമാനത്തിന്റെ 57% വും കൈയ്യാളുന്നു. അവസാന പാതി (50%) ജനത്തിന് 12.7% വരുമാനം മാത്രമാണ് ലഭിക്കുന്നത്.

ആകെ സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള തൊഴില്‍ വെറും 25% മാത്രമാണ്. സ്വയം തൊഴില്‍ കണ്ടെത്തിയവര്‍ 2022-23 കാലത്ത് 50 % ല്‍ ഏറെയാണ്. ഇതില്‍ 64.3% സ്ത്രീകളാണ്. അതേസമയം വീടുകളിലും കുടുംബ ബിസിനസുകളിലും വേതനമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാലില്‍ ഒന്ന് എന്നായിരുന്നത് മൂന്നില്‍ ഒന്നായി ഉയര്‍ന്നെന്നും ബഹുത്വ കര്‍ണാടകയുടെ കണക്കില്‍ പറയുന്നു.

 

Latest News