തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാര്‍ട്ടിയും കുടുംബവും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും ഫേസ്ബുക്ക് ലൈവില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്ക് ചികിത്സ നിഷേധിക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയുള്ള കുറിപ്പും ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
മുന്മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്. മകന് ചാണ്ടി ഉമ്മന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
യാതൊരു വിധത്തിലുമുള്ള വീഴ്ചയുമില്ലാതെ ഏറ്റവും മികച്ച ചികിത്സയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു അഭ്യൂഹം പരക്കാനിടയുണ്ടായ സാഹചര്യം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തി എല്ലാവരെയും അറിയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. ഉമ്മന്‍ ചാണ്ടിയ്ക്ക് ലഭിക്കേണ്ട വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിനുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചത്.