സാന്റിയാഗോയിൽ നിന്ന് 1,800 കിലോമീറ്ററിലധികം തെക്ക് മാറിയുള്ള ചിലിയൻ പാറ്റഗോണിയയിലെ വിദൂരപർവതങ്ങളിൽ ഒരു ആശ്രമം ഉണ്ട്. നമ്മുടെ ഭാവനയെപ്പോലും വെല്ലുവിളിക്കുന്ന രീതിയിൽ ആത്മീയതയും ജീവിതവും കൂട്ടിച്ചേർക്കുന്ന ഒരു ഇടമായി ഔർ ലേഡി ഓഫ് ഐസൻ ഇവിടെ സ്ഥിതിചെയ്യുന്നു. ലോകത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള വിശ്വാസത്തിന്റെ ഈ സങ്കേതം അതിന്റെ അങ്ങേയറ്റത്തെ ഭൂമിശാസ്ത്രപരമായ സ്ഥാനംകൊണ്ടു മാത്രമല്ല, ഏകാന്തതയുടെ വലിയ ആത്മീയതയുടെ വരം പോലെയാണ് പ്രവർത്തിക്കുന്നത്.
സ്കോള വെരിറ്റാറ്റിസിന്റെ സന്യാസ സമൂഹത്തിന്റെ സംരക്ഷണയിലുള്ള ഈ ആശ്രമം ശാന്തതയുടെ ഒരു പ്രകാശഗോപുരമായി നിലകൊള്ളുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന ഈ മൊണാസ്റ്ററി ഒരു തടസ്സമായിട്ടല്ല കാണേണ്ടത്, മറിച്ച് ഒരു വലിയ ഗുണമായിട്ടാണ്. “ഇത് സ്വർഗത്തിലേക്കു കയറുന്നതുപോലെയാണ്. ഇത് എളുപ്പമല്ല, ഇതിന് വളരെയധികം പരിശ്രമം ആവശ്യമാണ്” – കമ്മ്യൂണിറ്റിയിലെ അംഗമായ മദർ ബെനഡിക്റ്റ പറയുന്നു.
“പുരാതനകാലത്തെ മഹാനായ സന്യാസിമാർ, പ്രത്യേകിച്ച് സന്യാസ സമൂഹത്തിന്റെ രക്ഷാധികാരിയായ വി. ബ്രൂണോ ആഗ്രഹിച്ചതുപോലെ, യഥാർഥ ഏകാന്തതയുടെയും മരുഭൂമിയുടെയും ഒരു അന്തരീക്ഷം കണ്ടെത്താൻ ഇത് ഞങ്ങളെ അനുവദിച്ചു” – സിസ്റ്റർ ബെനെഡിക്റ്റ പറയുന്നു.
“ആശ്രമത്തിനായി ശരിയായ സ്ഥലം കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല. ഞങ്ങൾ വർഷങ്ങളെടുത്തും നിരവധി ശ്രമങ്ങൾ നടത്തിയും ഒരു നല്ല സ്ഥലത്തിനായി ശ്രമിച്ചു. എങ്കിലും വിജയിച്ചില്ല. എന്നാൽ, ഈ സ്ഥലത്തെത്താനുള്ള ഞങ്ങളുടെ ചുവടുകളെ നയിച്ചത് തീർച്ചയായും ദൈവത്തിന്റെ കൃപയാണ്. ഞങ്ങളുടെ ആവശ്യത്തിനൊത്തുള്ള എല്ലാ സവിശേഷതകളും ഈ സ്ഥലം ഞങ്ങൾക്ക് വാഗ്ദാനം ചെയ്തു. ലോകത്തിൽനിന്നുള്ള വേർപിരിയൽ, സന്യാസിമാരുടെ ആശ്രമം ശരിയായി നിർമിക്കാനുള്ള സ്ഥലത്തിന്റെ വിശാലത, ആത്മീയവിശ്രമത്തിനുള്ള സ്ഥലങ്ങൾക്കു പുറമെ സമൃദ്ധമായ ജലം, വനം എല്ലാം ഇവിടെയുണ്ട്” – സിസ്റ്റർ വിശദീകരിക്കുന്നു.
നഗരത്തിൽ നിന്നുള്ള വലിയ ദൂരവും ശൈത്യകാലത്തെ കാലാവസ്ഥയുടെ കാഠിന്യവും ഒരുതരം ‘സ്വാഭാവിക അടച്ചുപൂട്ടൽ’ പ്രദാനം ചെയ്യുന്നു. അത് ഒരിക്കലുമൊരു ഒറ്റപ്പെടലല്ല, മറിച്ച് അത് പ്രാർഥനയുടെ ജീവിതത്തിന്റെ വളർച്ചയ്ക്കും ദൈവവുമായുള്ള വ്യക്തിപരമായ ഏറ്റുമുട്ടലിനും വളരെ സഹായകമാണ്.
ഈ ആശ്രമം സന്ദർശിക്കുകയും അവിടുത്തെ പ്രാർഥനാന്തരീക്ഷത്തിൽ കുറച്ചു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആളുകൾക്ക് ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്കും ആന്തരിക പരിവർത്തനത്തിനും അനുയോജ്യമായ സ്ഥലമാണിത്.
ഇവിടെ പ്രാർഥന പ്രധാനമാണ്. അതോടൊപ്പം സ്വയംപര്യാപ്തതയ്‌ക്കായി കാർഷികജോലിയുമുണ്ട്. വി. ബെനഡിക്റ്റും തന്റെ ആശ്രമങ്ങൾക്കായി ആഗ്രഹിച്ച ഒരു കാര്യമാണിത്. അതിനാൽ സന്യാസിമാർ കഴിയുന്നത്ര കുറച്ചു മാത്രമേ പുറംലോകവുമായി ബന്ധപ്പെടേണ്ടിവരികയുള്ളൂ.
ലോകത്തിന്റെ ഈ വിദൂരകോണിൽ, ഔവർ ലേഡി ഓഫ് ഐസൻ ആശ്രമം ശാന്തതയുടെ ഒരു പ്രകാശഗോപുരമായി വർത്തിക്കുന്നു. ധ്യാനത്തിന്റെ സൗന്ദര്യവും വിശ്വാസത്തിന്റെ ശക്തിയും അനുഭവിക്കാൻ ഈ ഇടം എല്ലാവരെയും ക്ഷണിക്കുന്നു.