Sunday, November 24, 2024

ആള്‍ക്കൂട്ട കൊലപാതകങ്ങളെ അപലപിച്ച് പാക്കിസ്ഥാന്‍ നിയമനിര്‍മ്മാണസഭ

സമീപകാലത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തുടര്‍ച്ചയായ ആള്‍ക്കൂട്ടവിചാരണകളും, കൊലപാതകങ്ങളും ഏറി വരുന്ന പാക്കിസ്ഥാനില്‍, ഇത്തരം ഹീനകൃത്യങ്ങളെ പാക്കിസ്ഥാന്‍ നിയമനിര്‍മ്മാണസഭ അപലപിക്കുകയും, നിയമവാഴ്ചയെ ബഹുമാനിക്കുവാന്‍ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്യുകയും ചെയ്തു. ആള്‍ക്കൂട്ടക്കൊലയെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തെ സംയുക്ത നിയമനിര്‍മ്മാണ സഭ അംഗീകരിച്ചു.

ജൂണ്‍ 23 ന് അംഗീകരിക്കപ്പെട്ട പ്രമേയത്തില്‍ നിയമവാഴ്ച നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ആവര്‍ത്തിക്കുകയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം അടിവരയിടുകയും ചെയ്യുന്നു. അക്രമത്തെ ചെറുക്കുന്നതിനും എല്ലാ പൗരന്മാരുടെയും സുരക്ഷയും അവകാശങ്ങളും ഉറപ്പുനല്‍കുന്നതുമായ നിയമനിര്‍മ്മാണ മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. നീതിന്യായവകുപ്പിന്റ ചുമതലയുള്ള മന്ത്രി ആസാം നസീര്‍ തരാര്‍ ആണ് പ്രമേയം മുന്‍പോട്ടു വച്ചത്.

ജീവിക്കാനുള്ള അവകാശം പാക്കിസ്ഥാന്‍ ഭരണഘടന അനുശാസിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. സ്വാത്തിലും സര്‍ഗോദയിലും മതനിന്ദാ കുറ്റങ്ങള്‍ ആരോപിച്ച് പൗരന്മാരെ ആള്‍ക്കൂട്ടക്കൊല ചെയ്തതില്‍ സഭ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇത്തരം നടപടികള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും, ഇതില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയുവാനും, അവര്‍ക്കെതിരെ കഠിന നടപടികള്‍ സ്വീകരിക്കുവാനും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രമേയത്തെ പിന്തുണച്ചു എന്നതും ഏറെ പ്രധാനപ്പെട്ടതാണ്.

ഇതിനോടകം പഞ്ചാബ് പ്രാദേശിക നിയമസഭയിലും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും, മതനിന്ദയുടെ പേരിലുള്ള അക്രമസംഭവങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണെന്നും, ഇത്തരം അക്രമങ്ങളും കൂട്ടക്കൊലകളും എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്നും വ്യക്തമാക്കുകയും ചെയ്തു.

 

Latest News