ജമ്മുവിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാക്കിസ്ഥാൻ ഡ്രോണുകൾ കണ്ടെത്തിയത് മറ്റൊരു വെടിനിർത്തൽ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ. ഇതിനെതിരെ സുരക്ഷാസേന വേഗത്തിൽ പ്രതികരിച്ചെന്നും യു എ വി കളെ കണ്ടയുടനെ അവയെ തടഞ്ഞുനിർത്തി ആക്രമണം നടത്തിയെന്നും പി ടി ഐ ഉദ്ധരിച്ച ആർമിവൃത്തങ്ങൾ പറയുന്നു.
“ജമ്മുകാശ്മീരിലെ സാംബയ്ക്കുസമീപം സംശയിക്കപ്പെടുന്ന ഡ്രോണുകളുടെ ഒരു ചെറിയ എണ്ണം കണ്ടെത്തിയിട്ടുണ്ട്. അവ പരിശോധിക്കുന്നുണ്ട്” – സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഉറപ്പു നൽകിക്കൊണ്ട് ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യൻ വ്യോമ പ്രതിരോധസംവിധാനങ്ങൾ പാക്ക് ഡ്രോണുകളെ തകർക്കുന്ന ദൃശ്യം വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്. പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്സർ എന്നിവിടങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടെന്നും സ്ഫോടനശബ്ദം കേട്ടെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.