ദയാവധത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഫ്രാന്‍സിസ് പാപ്പാ. മേയ് 21 മുതല്‍ 23 വരെ ടൊറന്റോയില്‍ (കാനഡ) നടക്കുന്ന പാലിയേറ്റീവ് കെയറിനെക്കുറിച്ചുള്ള അന്താരാഷ്ട്ര ഇന്റര്‍ഫെയ്ത്ത് സിമ്പോസിയത്തിന് അയച്ച സന്ദേശത്തില്‍ ആണ് പാപ്പ ദയാവധം നടപ്പിലാക്കുന്ന പ്രവണതയ്ക്കെതിരെ സംസാരിച്ചത്.
‘ദയാവധം ഒരിക്കലും പ്രതീക്ഷയുടെ ഉറവിടമല്ല, രോഗികള്‍ക്കും മരിക്കുന്നവര്‍ക്കും യഥാര്‍ത്ഥ പരിഗണനാണ് അല്ല അത്. ജീവിതത്തിലെ വെല്ലുവിളികളും പ്രയാസങ്ങളും ആകുലതകളും ഉയര്‍ത്തുന്ന ചോദ്യങ്ങളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത് പ്രതീക്ഷയാണ്. ഗുരുതരമായ അസുഖമോ ജീവിതാവസാനമോ നേരിടുമ്പോള്‍ ഇത് കൂടുതല്‍ സത്യമാണ്. അനിശ്ചിതത്വത്തില്‍ പലപ്പോഴും രോഗവും മരണവും അനുഗമിക്കുന്നവര്‍ക്ക് അവരെ പരിപാലിക്കുകയും അവരുടെ അരികില്‍ തുടരുകയും ചെയ്യുന്നവര്‍ നല്‍കുന്ന പ്രത്യാശയുടെ സാക്ഷ്യം ആവശ്യമാണ്’ പാപ്പ ചൂണ്ടിക്കാട്ടി. ഈ അര്‍ത്ഥത്തില്‍, സാന്ത്വന പരിചരണം, കഷ്ടപ്പാടുകളുടെ ഭാരം പരമാവധി ലഘൂകരിക്കാന്‍ ശ്രമിക്കുമ്പോള്‍, എല്ലാറ്റിനുമുപരിയായി, കഷ്ടപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാരുമായുള്ള അടുപ്പത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂര്‍ത്തമായ അടയാളമാണ് എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥ സാന്ത്വന പരിചരണം ദയാവധത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് എന്ന് പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ‘പകരം സ്‌നേഹത്തിന്റെ പരാജയമാണ്, ‘ആളുകളെ നമ്മള്‍ ബഹുമാനിക്കേണ്ട’ പ്രാഥമിക മൂല്യമായി കണക്കാക്കാതെ ‘തള്ളുന്ന സംസ്‌കാരത്തിന്റെ’ പ്രതിഫലനമാണ് ദയാവധം എന്ന് പാപ്പ മുന്‍പും പറഞ്ഞിരുന്നു. ദയാവധം പലപ്പോഴും അനുകമ്പയുടെ ഒരു രൂപമായി തെറ്റായി അവതരിപ്പിക്കപ്പെടുന്നു എന്നും അത് തെറ്റാണ് എന്നും പാപ്പ ചൂണ്ടിക്കാട്ടി.
എന്നാല്‍ സാന്ത്വന പരിചരണം അനുകമ്പയുടെ ഒരു യഥാര്‍ത്ഥ രൂപമാണ്, കാരണം അത് ശാരീരികമോ വൈകാരികമോ മാനസികമോ ആത്മീയമോ ആയാലും – ഓരോ വ്യക്തിയുടെയും, പ്രത്യേകിച്ച് മരിക്കുന്നവരുടെ, അടിസ്ഥാനപരവും അലംഘനീയവുമായ അന്തസ്സ് ഉറപ്പിച്ചുകൊണ്ട് കഷ്ടപ്പാടുകളോട് പ്രതികരിക്കുന്നു എന്നും പാപ്പ വ്യക്തമാക്കി.