റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ബജറ്റിന് അംഗീകാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈൻ യുദ്ധം മൂന്നാം വർഷത്തിലേക്കു നീങ്ങുമ്പോൾ പ്രതിരോധസംവിധാനങ്ങളുടെ അഭാവം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സർക്കാരിന്റെ മൊത്തം ചെലവിന്റെ മൂന്നിലൊന്നാണ് പ്രതിരോധ ആവശ്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്നത്.
ഞായറാഴ്ച പ്രസിദ്ധീകരിച്ച 2025 ലെ ബജറ്റ് ദേശീയ പ്രതിരോധത്തിനായി 126 ബില്യൺ ഡോളർ (13.5 ട്രില്യൺ റൂബിൾസ്) നീക്കിവയ്ക്കുന്നു. ഇത് സർക്കാർ ചെലവിന്റെ 32.5 ശതമാനമാണ്. പ്രതിരോധ ബജറ്റ് മുൻ റെക്കോർഡിനെക്കാൾ ഏകദേശം 28 ബില്യൺ ഡോളർ (മൂന്ന് ട്രില്യൺ റൂബിൾസ്) കൂടുതലാണ്. റഷ്യൻ പാർലമെന്റിന്റെ ഇരുസഭകളിലെയും നിയമനിർമാതാക്കൾ ബജറ്റ് അംഗീകരിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സംഘർഷമാണ് യുക്രൈനിലെ റഷ്യൻ യുദ്ധം. മോസ്കോ നിലവിൽ മുൻനിരയിലെ പ്രധാന സ്ഥലങ്ങളിൽ നേട്ടമുണ്ടാക്കിയെങ്കിലും കുർസ്ക് മേഖലയിൽ ഒരു പ്രത്യാക്രമണത്തെ നേരിടുകയും ചെയ്യുന്നു. എന്നിരുന്നാലും ഇരുപക്ഷവും പരസ്പരം തളർത്താൻ ശ്രമിക്കുന്ന, പലപ്പോഴും അടിച്ചേൽപിക്കൽ യുദ്ധം എന്ന് വിളിക്കപ്പെടുന്ന മന്ദഗതിയിലുള്ള യുദ്ധം ഇരുരാജ്യങ്ങളുടെയും വിഭവങ്ങൾ ഇല്ലാതാക്കിയിരിക്കുകയാണ്.
പാശ്ചാത്യ സഖ്യകക്ഷികളിൽനിന്ന് കോടിക്കണക്കിന് ഡോളർ സഹായം ലഭിച്ചിട്ടുണ്ടെങ്കിലും മെറ്റീരിയലിന്റെയും മനുഷ്യശക്തിയുടെയും കാര്യത്തിൽ യുക്രൈൻ എല്ലായ്പ്പോഴും പിന്നിലാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം അമേരിക്കയിൽനിന്ന് എത്ര സഹായം ലഭിക്കുമെന്നത് കണ്ടറിയണം. റഷ്യയ്ക്ക് കൂടുതൽ ആയുധങ്ങളും കൂടുതൽ വെടിക്കോപ്പുകളുമുണ്ടെങ്കിലും അതിന്റെ സമ്പദ് വ്യവസ്ഥയിൽ അവസാനിക്കാത്ത യുദ്ധം ആഘാതം സൃഷ്ടിക്കുന്നു.