Saturday, November 23, 2024

ഗാസയില്‍ യുദ്ധമാലിന്യം നാലു കോടി ടണ്‍; നീക്കം ചെയ്യാന്‍ വേണ്ടത് 15 വര്‍ഷമെന്ന് യുഎന്‍

ഇസ്രായേല്‍- പലസ്തീന്‍ യുദ്ധത്തിന്റെ അനന്തരഫലമായി ഗാസയില്‍ കൂടികിടക്കുന്ന അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് ഏകദേശം 15 വര്‍ഷം വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍). അടിഞ്ഞുകൂടിയ യുദ്ധമാലിന്യം നാലു കോടി ടണ്ണോളം വരുമെന്നും ഇത് നീക്കം ചെയ്യുന്ന പ്രവര്‍ത്തനത്തിന് ഏകദേശം നാനൂറ് കോടിയോളം രൂപ ചെലവ് വരുമെന്നുമാണ് യുഎന്‍ കണക്കുകൂട്ടുന്നത്. ഇസ്രായേലിന്റെ ഭാഗത്തുനിന്നുമുണ്ടായ മാസങ്ങള്‍ നീണ്ട ആക്രമണത്തില്‍ തകര്‍ന്ന പലസ്തീന്‍ പ്രദേശത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള വെല്ലുവിളികള്‍ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.

ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏകദേശം 1,37,297 കെട്ടിടങ്ങളാണ് ഗാസയില്‍ തകര്‍ക്കപ്പെട്ടത്. ഗാസയിലെ മൊത്ത നിര്‍മിതികളില്‍ പകുതിയും തകര്‍ക്കപ്പെട്ട നിലയിലാണ്. ഇത്തരത്തില്‍ രൂപപ്പെട്ടിരിക്കുന്ന അവശിഷ്ടങ്ങള്‍ കുഴിച്ചുമൂടുന്നതിന് 600 മുതല്‍ 1200 ഏക്കറോളം ഭൂമിയായിരിക്കും വേണ്ടിവരുന്നത്. പുനരുപയോഗം ചെയ്യാന്‍ കഴിയുന്നവ അവശിഷ്ടങ്ങളില്‍നിന്നു വേര്‍തിരിച്ചെടുത്തശേഷം മാത്രമേ ഇത് തീര്‍ച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. നാശനഷ്ടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കണക്കുകള്‍ ഇനിയും വ്യത്യാസപ്പെട്ടേക്കാം. പുനര്‍നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞത് 15 വര്‍ഷമെങ്കിലും സമയമെടുക്കും.

പ്രദേശത്തു നേരിടുന്ന കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി ഡീസലൈനേഷന്‍ പ്‌ളാന്റ് സ്ഥാപിക്കുന്നതിനെപ്പറ്റി ഇസ്രായേല്‍ ആലോചിച്ചിരുന്നുവെങ്കിലും മിക്ക പൈപ്പുകളും തകരാറിലായ സാഹചര്യത്തില്‍ ഇത് ബുദ്ധിമുട്ടാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയുധങ്ങള്‍ കിടക്കുന്നതു കാരണം ആഴ്ചയില്‍ പത്തു സ്ഫോടനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്നതായി ഗാസയിലെ സിവില്‍ ഡിഫെന്‍സ് ഏജന്‍സി പറയുന്നു.

ഗാസയില്‍ തുടരെത്തുടരെയുണ്ടായ ആക്രമണങ്ങളില്‍ പ്രദേശത്തിന്റെ ഭൂപ്രകൃതി തന്നെ വ്യത്യാസപ്പെട്ടിരിക്കുകയാണ്. നിരന്ന പ്രദേശങ്ങളിലെല്ലാം കെട്ടിടാവശിഷ്ടങ്ങളും മറ്റും കുമിഞ്ഞുകൂടി കുന്നുകള്‍ രൂപപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റോഡുകള്‍, അഴുക്കുചാലുകള്‍ തുടങ്ങി നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ക്കെല്ലാം വലിയ നാശനഷ്ടങ്ങള്‍ നേരിട്ടിട്ടുണ്ട്.

ഒക്ടോബറില്‍ തെക്കന്‍ ഇസ്രായേലിലേക്കു ഹമാസ് അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഇസ്രായേല്‍ – പലസ്തീന്‍ യുദ്ധം ആരംഭിച്ചത്.

 

Latest News