Saturday, November 23, 2024

റോമില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ തിരുശേഷിപ്പുകള്‍

ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ചില തിരുശേഷിപ്പുകള്‍ റോമില്‍ സൂക്ഷിച്ചിട്ടുണ്ട്. അവ മിക്കതും സൂക്ഷിച്ചിരിക്കുന്നത് വലിയ ബസലിക്കകളിലെ ചെറിയ ചാപ്പലുകളിലായിട്ടാണ്. അമൂല്യമായ ആ തിരുശേഷിപ്പുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

റോമിലെ ഏറ്റവും അറിയപ്പെടുന്ന ദേവാലയങ്ങളിലൊന്നാണ് ‘ജറുസലേമിലെ ഹോളി ക്രോസ് ബസിലിക്ക’. ഈ ദേവാലയത്തിനുള്ളിലാണ് സുപ്രധാനമായ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ‘തിരുശേഷിപ്പുകളുടെ ചാപ്പല്‍’ എന്നും ഇത് അറിയപ്പെടുന്നു. അവിടെ സുരക്ഷിതമായി സംരക്ഷിച്ചുപോരുന്നത് ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തിരുശേഷിപ്പുകളാണ്.

ക്രിസ്തുവിന്റെ കുരിശിന്റെ ശകലങ്ങള്‍

റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈന്റെ അമ്മ വി. ഹെലെനക്ക് നന്ദി പറഞ്ഞുകൊണ്ട് ഈ തിരുശേഷിപ്പുകള്‍ ജറുസലേമില്‍ നിന്ന് റോമിലേക്കു മാറ്റിസ്ഥാപിച്ചു. ഈ ബസിലിക്കക്കുള്ളില്‍ വി. ഹെലനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ചാപ്പലുണ്ട്. ആ ചാപ്പലിലേക്കുള്ള നടപ്പാത വിശുദ്ധ നാട്ടില്‍ നിന്നുള്ള മണ്ണ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ജറുസലേമിലെ ഹോളി ക്രോസ് ബസിലിക്കയിലെ ഈ ചാപ്പലില്‍ 1800 മുതല്‍ ഇന്നുവരെ സൂക്ഷിച്ചിരിക്കുന്നത് വിശുദ്ധ കുരിശിന്റെ മൂന്ന് ശകലങ്ങളാണ്. കൂടാതെ, പട്ടാളക്കാര്‍ ക്രിസ്തുവിനെ കുരിശില്‍ തറച്ച ആണികളിലൊന്നും ഈ ചാപ്പലിലുണ്ട്.

വി. യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ വിവരിക്കുന്നു: ‘പിലാത്തോസ് യേശുവിനെ കൂട്ടിക്കൊണ്ടു പോയി ചാട്ടവാറടിക്കാന്‍ ഉത്തരവിട്ടു. പടയാളികള്‍ മുള്ളു കൊണ്ട് ഒരു കിരീടം ഉണ്ടാക്കി അവന്റെ തലയില്‍ വച്ചു, അവനെ ഒരു ധൂമ്രവസ്ത്രം ധരിപ്പിച്ചു; അവന്റെ അടുക്കല്‍ ചെന്ന്, ‘യഹൂദന്മാരുടെ രാജാവേ, സ്വസ്തി’ എന്നു പറഞ്ഞു. അവര്‍ അവനെ അടിച്ചു’ (യോഹ. 19:1-3). ഈശോയുടെ മുള്‍ക്കിരീടത്തിലെ മുള്ളുകളില്‍ രണ്ടെണ്ണവും പ്രസ്തുത ചാപ്പലില്‍ സംരക്ഷിച്ചുപോരുന്നു.

ഈശോയുടെ കുരിശിനു മുകളില്‍ സ്ഥാപിച്ച ഫലകം

ടൈറ്റലസ് ക്രൂസിസ് എന്ന പേരില്‍ അറിയപ്പെടുന്നതും, പീലാത്തോസ് ക്രിസ്തുവിന്റെ കുരിശിന്റെ മുകളില്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടതുമായ ഫലകമാണ് മറ്റൊരു തിരുശേഷിപ്പ്. ഹീബ്രു, ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളില്‍ ‘യഹൂദന്മാരുടെ രാജാവായ നസ്രായക്കാരന്‍ യേശു’ എന്ന സന്ദേശം ഇതില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പാനലിന്റെ തെളിവ് വ്യക്തമല്ല. പക്ഷേ, ഇത് ആറാം നൂറ്റാണ്ടില്‍ ബസിലിക്കയിലേക്കു മാറ്റിയതായി കരുതപ്പെടുന്നു.

തോമാശ്ലീഹായുടെ വിരല്‍

ഈ ചാപ്പല്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്, നല്ല കള്ളന്റെ കഴുമരത്തിന്റെ ഒരു ശകലവും താന്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കാന്‍ ക്രിസ്തുവിന്റെ മുറിവില്‍ സ്പര്‍ശിച്ച വി. തോമസിന്റെ വിരലും കാണാന്‍ കഴിയും. ചാപ്പലിന്റെ മറ്റൊരു വശത്ത്, ടൂറിനിലെ തിരുക്കച്ചയുടെ പുനര്‍നിര്‍മ്മാണവും കാണാന്‍ കഴിയും.

ഈശോയുടെ പീഡാസഹനവുമായി ബന്ധപ്പെട്ട മറ്റ് തിരുശേഷിപ്പുകള്‍

ഈ ബസിലിക്കയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയാണ് റോം രൂപതയുടെ കത്തീഡ്രലും മാര്‍പാപ്പയുടെ എപ്പിസ്‌കോപ്പല്‍ സിംഹാസനവുമായ സെന്റ് ജോണ്‍ ലാറ്ററന്‍. ഇവിടെ പ്രധാന അള്‍ത്താരയുടെ ഇടതുവശത്ത്, ക്രിസ്തു അന്ത്യ അത്താഴം കഴിച്ച മേശയുടെ ഒരു ഭാഗം ഉള്‍ക്കൊള്ളുന്ന ഒരു ചാപ്പലുണ്ട്. കൂടാതെ, ബസിലിക്കക്ക് പുറത്ത് വിശുദ്ധ പടികള്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പീലാത്തോസിന്റെ കൊട്ടാരത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെടുന്നതിനു മുമ്പ് യേശു കയറിയ 28 പടികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വിശുദ്ധ പടികള്‍.

മറ്റൊരു ചാപ്പലില്‍, സാന്താ പ്രാക്‌സെഡീസിലെ റോമന്‍ ബസിലിക്കയില്‍ യേശുക്രിസ്തുവിനെ ചമ്മട്ടികൊണ്ട് അടിച്ച സ്തംഭമുണ്ട്. വലിപ്പത്തില്‍ ചെറുതാണ് എങ്കിലും പാരമ്പര്യം സൂചിപ്പിക്കുന്നതനുസരിച്ച്, ഈ വിധത്തില്‍ പട്ടാളക്കാര്‍ യേശുവിനെ പുറം മടക്കിയിരിക്കാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് കൂടുതല്‍ വേദന അവിടുത്തേക്ക് അനുഭവിക്കേണ്ടിവന്നത്.

ക്രിസ്തുവിന്റെ മുള്‍കിരീടത്തില്‍ നിന്നുള്ള മൂന്ന് മുള്ളുകളില്‍ രണ്ടെണ്ണം ജറുസലേമിലെ ഹോളി ക്രോസ് ബസിലിക്കയിലുണ്ട്. ഒരെണ്ണം എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഈശോയുടെ പീഡാനുഭവവുമായി ബന്ധപ്പെട്ട മറ്റൊരു തിരുശേഷിപ്പ് ഈശോയുടെ വിലാപ്പുറത്ത് കുത്തിയ കുന്തത്തിന്റെ ഒരു ഭാഗമാണ്. ഇത് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞു സാന്‍ പെഡ്രോയിലെ ബസിലിക്കയില്‍ വി. ഹെലനയുടെ രൂപത്തില്‍, മധ്യ താഴികക്കുടത്തിന്റെ നാല് തൂണുകളിലൊന്നിലായി സൂക്ഷിച്ചിരിക്കുന്നു.

വിവര്‍ത്തനം: മരിയ ജോസ്

 

Latest News