Sunday, November 24, 2024

മൂത്രത്തില്‍ നിന്ന് വൈദ്യുതിയും, ജൈവവളവും; പാലക്കാട് ഐഐടിയുടെ കണ്ടുപിടിത്തം ഹിറ്റാകുന്നു

വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പുത്തന്‍ കണ്ടുപിടിത്തവുമായി പാലക്കാട് ഐഐടി. കാറ്റ്, വെള്ളം, സൂര്യപ്രകാശം എന്നിവയില്‍ നിന്നു മാത്രമല്ല മൂത്രത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പാലക്കാട് ഐഐടിയിലെ ഗവേഷകര്‍. ഐഐടി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തില്‍ റിസര്‍ച്ച് സ്‌കോളര്‍ വി.സംഗീത, പ്രൊജക്ട് സയന്റിസ്റ്റ് ഡോ പി.എം. ശ്രീജിത്ത്, സിവില്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് റിസര്‍ച്ച് അസോസിയേറ്റ് റിനു അന്ന കോശി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.

‘സ്റ്റേല്‍ യൂറിന്‍ കാറ്റലൈസ്ഡ് റിസോഴ്സ് റിക്കവറി’ എന്നാണ് ഗവേഷണത്തിന്റെ പേര്. വിസര്‍ജ്യവുമായി കലരാത്ത മൂത്രത്തില്‍ നിന്നു മാത്രമേ ഉല്‍പാദനം സാധ്യമാകൂ. ഗോമൂത്രത്തിലേതു പോലെ മനുഷ്യ മൂത്രത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തല്‍ (Innovation from IIT Palakkad turns Urine into Energy and Bio-fertilizer).

ഒരേസമയം വൈദ്യുതിയും ജൈവവളവും മൂത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. 5 ലിറ്റര്‍ മൂത്രത്തില്‍ നിന്ന് 500 മില്ലി വാട്ട് വൈദ്യുതിയും 712 വോള്‍ട്ടേജും, ഓരോ 48 മണിക്കൂറിലും 10 ഗ്രാം വളവും ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തല്‍. ഈ വൈദ്യുതി എല്‍ഇഡി ലാംപുകള്‍ക്കും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും ഉപയോഗിക്കാം.

സംഗതി ഇങ്ങനെ: ഒരു ചേമ്പറില്‍ ശേഖരിച്ച ഗോമൂത്രം ആദ്യം ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ച ചെറുസെല്ലുകളിലേക്ക് മാറ്റുന്നു. പരസ്പരബന്ധിതമായ ഈ സെല്ലുകള്‍ക്കുള്ളില്‍ ആനോഡായി മഗ്‌നീഷ്യം ഇലക്ട്രോഡും, കാത്തോഡായി എയര്‍ കാത്തോഡും ഉപയോഗിച്ചിരിക്കുന്നു. മൂത്രവും, ഇലക്ട്രോഡുകളുമായുണ്ടാകുന്ന രാസപ്രവര്‍ത്തനത്തിലൂടെയാണ് വൈദ്യുതി ഉണ്ടാകുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കു കീഴിലുള്ള സയന്‍സ് ഫോര്‍ ഇക്വിറ്റി എംപവര്‍മെന്റ് വിഭാഗം പദ്ധതിക്കു വേണ്ട ധനസഹായം നല്‍കും. നിലവില്‍ ടെക്‌നോളജി റെഡിനെസ് ലെവല്‍ 4ല്‍ (ടിആര്‍എല്‍) നില്‍ക്കുന്ന ഈ സാങ്കേതിക വിദ്യ രാജ്യത്ത് പ്രാവര്‍ത്തികമാക്കാവുന്ന മികച്ച ടെക്‌നോളജിയായും പരിഗണിച്ചിട്ടുണ്ട്.

 

Latest News