Wednesday, June 10, 2026

യുക്രൈനുള്ള സഹായം കുറച്ചാൽ ഇറാന് നൽകുന്ന പിന്തുണ പിൻവലിക്കാം; അമേരിക്കയ്ക്ക് മുന്നിൽ ഉപാധിയുമായി റഷ്യ

യുക്രൈന് നൽകുന്ന സൈനിക സഹായം അമേരിക്ക വെട്ടിക്കുറയ്ക്കുകയാണെങ്കിൽ, ഇറാന് നൽകിവരുന്ന സൈനിക-നയതന്ത്ര പിന്തുണകൾ പരിമിതപ്പെടുത്താമെന്നാണ് ഉപാധിയുമായി റഷ്യ. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ രഹസ്യ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

യുക്രൈനിലേക്കുള്ള അത്യാധുനിക ആയുധങ്ങളുടെ ഒഴുക്ക് അമേരിക്ക നിർത്തിയാൽ, ഇറാന്റെ മിസൈൽ-ഡ്രോൺ സാങ്കേതികവിദ്യകൾക്ക് നൽകുന്ന സഹായം കുറയ്ക്കാമെന്ന് റഷ്യ അറിയിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇറാൻ-അമേരിക്ക യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ നീക്കം ഇറാന് വലിയ തിരിച്ചടിയാകും. റഷ്യയുടെ സുഖോയ്-35 (Su-35) യുദ്ധവിമാനങ്ങൾക്കും എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുമായി ഇറാൻ കാത്തിരിക്കുമ്പോഴാണ് ഈ പുതിയ നീക്കം.

ഈ കരാർ യാഥാർത്ഥ്യമായാൽ പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം കുറയുകയും യുക്രൈനിലെ റഷ്യൻ അധിനിവേശം കൂടുതൽ ശക്തമാവുകയും ചെയ്യും. എന്നാൽ പുടിന്റെ ഈ ഉപാധിയോട് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

Latest News