യുക്രൈനിന്റെ വടക്കുകിഴക്കൻ മേഖലയായ ഖാർകീവിൽ റഷ്യ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ ഒരു യുവതി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതർ ചൊവ്വാഴ്ച പുലർച്ചെ അറിയിച്ചു. ഖാർകീവ് റീജിയണൽ ഗവർണർ ഒലെഗ് സിനെഗുബോവ് ടെലിഗ്രാമിലൂടെയാണ് വിവരം പുറത്തുവിട്ടത്. ഖാർകീവ് പ്രവിശ്യയിലെ ചുഗുയിവ് (Chuguiv) നഗരത്തെ ലക്ഷ്യമാക്കിയായിരുന്നു റഷ്യൻ ആക്രമണം. കൊല്ലപ്പെട്ടവരിൽ 22 വയസ്സുള്ള ഒരു യുവതിയും ഉൾപ്പെടുന്നു.
ആക്രമണത്തെത്തുടർന്ന് ജനവാസ മേഖലകളിൽ വൻ നാശനഷ്ടമുണ്ടായതായി ഗവർണർ വ്യക്തമാക്കി. ബഹുനില പാർപ്പിട സമുച്ചയങ്ങളുടെ ജനലുകൾ തകരുകയും കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾക്ക് കനത്ത കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മിസൈൽ ആഘാതത്തിൽ മേഖലയിൽ വൻ തീപിടുത്തമുണ്ടാവുകയും കുറഞ്ഞത് 18 വാഹനങ്ങൾ കത്തിയമരുകയും ചെയ്തു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി സിവിലിയന്മാരുടെ ജീവനെടുക്കുന്ന റഷ്യൻ ആക്രമണങ്ങൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. ഇതിന് തിരിച്ചടിയായി യുക്രൈനും റഷ്യൻ അതിർത്തിക്കുള്ളിലേക്ക് ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ തങ്ങൾ റഷ്യയിലെ സൈനിക, ഊർജ്ജ കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് യുക്രൈൻ പറയുന്നത്.

