ഉക്രൈനിലെ വൈദ്യുതി ഉല്പാദനം, ട്രാൻസ്മിഷൻ, വിതരണസൗകര്യങ്ങൾ എന്നിവയ്ക്കുനേരെയുള്ള റഷ്യൻ വ്യോമാക്രമണം അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുന്നതാണെന്ന് ഐക്യരാഷ്ട്ര സഭ. ഉക്രൈനിലെ യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിംഗ് മിഷന്റെ (HRMMU) റിപ്പോർട്ടിലാണ് ഐക്യരാഷ്ട്ര സഭ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഈ വർഷം മാർച്ചിനും ആഗസ്റ്റിനുമിടയിൽ നടന്ന ഒമ്പതുതരം ആക്രമണങ്ങളെ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്ത ഏഴ് പവർ പ്ലാന്റുകളും, പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്ന 28 കമ്മ്യൂണിറ്റികളും സന്ദർശിച്ചതായി എച്ച്. ആർ. എം. എം. യു. അറിയിച്ചു.
“ഉക്രൈനിലെ സിവിലിയൻ വൈദ്യുതി, ചൂട് ഉല്പാദിപ്പിക്കൽ, ട്രാൻസ്മിഷൻ ഇൻഫ്രാസ്ട്രക്ചർ എന്നിവയെ നശിപ്പിക്കുന്നതിനോ, ഇല്ലാതാക്കുന്നതിനോ ഉള്ള സൈനികപ്രചാരണത്തിന്റെ ഒന്നിലധികം പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാനതത്വങ്ങൾ ലംഘിച്ചുവെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്” – റിപ്പോർട്ട് പറയുന്നു.
ഓരോ ആക്രമണങ്ങൾക്കുശേഷവും ഉക്രൈനിൽ ആഴ്ചകളോളം അടിസ്ഥാനസൗകര്യങ്ങളുടെയും വൈദ്യുതിയുടെയും വിതരണം മുടങ്ങിയിരുന്നു. തങ്ങളുടെ ഊർജസംവിധാനത്തെ ലക്ഷ്യംവയ്ക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഉക്രൈൻ പറയുന്നു. സിവിലിയൻ പവർ ഇൻഫ്രാസ്ട്രക്ചറിൽ ബോംബാക്രമണം നടത്തിയതിന് നാല് റഷ്യൻ ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥർക്കും അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ. സി. സി.) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ, പവർ ഇൻഫ്രാസ്ട്രക്ചർ ഒരു നിയമാനുസൃതമായ സൈനികലക്ഷ്യമാണെന്നും തങ്ങളുടെ ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ അപ്രസക്തമാണെന്നും റഷ്യ പ്രതികരിച്ചു.