Sunday, November 24, 2024

യുക്രെയ്ന്‍ യുദ്ധത്തെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച് റഷ്യ

യുക്രെയ്ന്‍ യുദ്ധത്തെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച് റഷ്യ. കലിനിന്‍ഗ്രാഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കോടതിയാണ് മിഖായേല്‍ ഫെല്‍ഡ്മാനെ ശിക്ഷിച്ചത്. മോസ്‌കോ പോലീസ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുത്ത അഞ്ച് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളെയാണ് രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്.

ഫെല്‍ഡ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ റഷ്യയുടെ സായുധ സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. കൂടാതെ ഫെല്‍ഡ്മാനെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധത്തെ എതിര്‍ത്തതിന് നൂറുകണക്കിനാളുകള്‍ക്കെതിരെ റഷ്യ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സൈനിക സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ പ്രകാരം, റഷ്യന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നതല്ലാത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകരോ പൗരന്മാരോ വര്‍ഷങ്ങളോളം തടവ് അനുഭവിക്കേണ്ടിവരും.

അന്തരിച്ച പ്രതിപക്ഷ നേതാവായ അലക്‌സി നവല്‍നിയുടെ ശവകുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് മാധ്യമപ്രവര്‍ത്തകനായ അന്റോണിന ഫാവോര്‍സ്‌കായെ 10 ദിവസത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്യലിനും വിധേയയാക്കി.

അന്റോണിനയെ കാണാന്‍ വന്ന സഹപ്രവര്‍ത്തകരായ അലക്സാന്ദ്ര അസ്തഖോവയെയും അനസ്താസിയ മുസറ്റോവയെയും പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ, അന്റോണിനയുടെ വീടിന് സമീപം ചിത്രീകരണം നടത്തുകയായിരുന്ന റിപ്പോര്‍ട്ടര്‍മാരായ എകറ്റെറിന അനികിവിച്ച്, കോണ്‍സ്റ്റാന്റിന്‍ ഷാരോവ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുക്രെയ്നില്‍ ആക്രമണം ആരംഭിച്ചതിനുശേഷം, രാജ്യത്ത് ഇപ്പോഴും പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ സ്വതന്ത്ര മാധ്യമ സംഘടനകളെയും റഷ്യ നിരോധിക്കുകയോ തടയുകയോ സെന്‍സര്‍ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ രാജ്യത്തു നിന്നും പലായനം ചെയ്തു. അവശേഷിക്കുന്നവര്‍ അപകടസാധ്യതകള്‍ നേരിടുന്നുണ്ട്. യുഎസ് റിപ്പോര്‍ട്ടര്‍മാരായ ഇവാന്‍ ഗെര്‍ഷ്‌കോവിച്ചും അല്‍സു കുര്‍മഷേവയും ഇപ്പോള്‍ വിചാരണ കാത്ത് ജയിലിലാണ്.

 

Latest News