അമേരിക്കയിൽ നിന്നു നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനുള്ള ചർച്ചകളുടെ പ്രാരംഭഘട്ടത്തിലാണ് റുവാണ്ടയെന്ന് റുവാണ്ടൻ വിദേശകാര്യ മന്ത്രി ഒലിവിയർ നുഡുഹുങ്കിരെഹെ. ഏറ്റവും അടിസ്ഥാനപരമായ ചില മനുഷ്യാവകാശങ്ങളെപ്പോലും കിഗാലി മാനിക്കുന്നില്ലെന്ന ചില ഗ്രൂപ്പുകളുടെ ആശങ്കകൾക്കിടയിലും പാശ്ചാത്യരാജ്യങ്ങൾ നാടുകടത്തുന്ന കുടിയേറ്റക്കാരുടെ ലക്ഷ്യസ്ഥാനമായി റുവാണ്ട സമീപവർഷങ്ങളിൽ സ്വയം സ്ഥാനം പിടിച്ചിട്ടുണ്ട്.
യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ആയിരക്കണക്കിന് അഭയാർഥികളെ സ്വീകരിക്കുന്നതിനായി 2022 ൽ കിഗാലി ബ്രിട്ടനുമായി ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ കരാർ റദ്ദാക്കി.
“ഞങ്ങൾ അമേരിക്കയുമായി ചർച്ചയിലാണ്. കാര്യങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്ന് കൃത്യമായി പറയാൻ കഴിയുന്ന ഒരു ഘട്ടത്തിൽ ഞങ്ങൾ എത്തിയിട്ടില്ല. പക്ഷേ ചർച്ചകൾ തുടരുകയാണ്; ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്” – റുവാണ്ട ടിവിയിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിനു നൽകിയ അഭിമുഖത്തിൽ നുഡുഹുങ്കിരെഹെ പറഞ്ഞു.