ബൈബിൾ കാലത്ത് രോഗ സൗഖ്യം നൽകിയിരുന്ന മരുന്നിന്റെ ഉറവിടം എന്ന് കരുതിയിരുന്ന ചെടിക്ക് പുതുജീവൻ നൽകി ഒരു സംഘം സസ്യ ശാസ്തജ്ഞർ. 1980 കളിൽ യൂദയാ മരുഭൂമിയിലെ ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയ 1,000 വർഷം പഴക്കമുള്ള ഒരു വിത്തിൽ നിന്നാണ് പുതിയ ചെടിയെ ശാസ്ത്രജ്ഞർ വളർത്തിയെടുത്തത്.
ജറുസലേമിന് വടക്കുള്ള താഴ്ന്ന വാദി എൽ-മക്കുക്ക് മേഖലയിൽ നടത്തിയ ഒരു പുരാവസ്തു ഖനനത്തിനിടെ പുരാതന വിത്ത് ഗവേഷകർ കണ്ടെത്തിയത്. എന്നാൽ കണ്ടെത്തിയ അവസ്ഥയിൽ വിത്ത് ഏതു ചെടിയുടേതാണെന്നു നിർണ്ണയിക്കാൻ ഗവേഷകർക്ക് സാധിച്ചിരുന്നില്ല. എന്നാൽ പുരാതനമായ ഒരു ചെടിയുടെ വിത്താണെന്നു മനസിലായ അവർ ഈ വിത്ത് ജറുസലേമിലെ ഹഡാസ്സ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്ററിൽ ലൂയിസ് എൽ. ബോറിക് നാച്ചുറൽ മെഡിസിൻ റിസർച്ച് സെൻ്റർ സ്ഥാപിച്ച ഫിസിഷ്യൻ ഡോ. സാറാ സലോണിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ ഏൽപ്പിച്ചു. കൂടുതൽ അന്വേഷണത്തിനായി അവർ ഈ വിത്ത് നട്ടുപിടിപ്പിച്ചു.
ജോർദാൻ റിഫ്റ്റ് താഴ്‌വരയിലെ ചാവുകടലിന് വടക്കുള്ള ഗിലെയാദിൻ്റെ ചരിത്രപരമായ പ്രദേശവുമായി ബന്ധപ്പെട്ട് കൃഷി ചെയ്തിരുന്ന ഔഷധ സസ്യമാകാൻ ഇത് സാധ്യത ഉണ്ടെന്നു തുടർന്ന് നടത്തിയ ഗവേഷണത്തിൽ സലോൺ വെളിപ്പെടുത്തി. കമ്മ്യൂണിക്കേഷൻസ് ബയോളജി ജേണലിൽ സെപ്റ്റംബർ 10 ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഈ വിത്തുമായി ബന്ധപ്പെട്ടു കണ്ടെത്തിയ വിവരങ്ങൾ ഇവർ വെളിപ്പെടുത്തി.
ഈ ചെടിയെ മുളപ്പിക്കാൻ, ഇസ്രായേലിലെ അരവ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെൻ്റൽ സ്റ്റഡീസിലെ സുസ്ഥിര കാർഷിക കേന്ദ്രത്തിലെ ഗവേഷകയായ ഡോ. എലെയ്ൻ സോളോവേ, 2,000 വർഷം പഴക്കമുള്ള ഈന്തപ്പന വിത്തുകളിൽ സലോണിൻ്റെ നേതൃത്വത്തിൽ നടത്തിയ മുൻ ഗവേഷണത്തിൽ പൂർത്തിയാക്കിയ ഒരു പ്രക്രിയ ഉപയോഗിച്ചു. ഈ പ്രക്രിയയിലൂടെ ഈ വിത്തിനെ മുളപ്പിക്കാൻ ഗവേഷകർക്ക് കഴിഞ്ഞു. തുടർന്ന് സംഘം ചെടിയുടെ പ്രായം കണക്കാക്കാൻ ജൈവവസ്തുക്കളിൽ റേഡിയോകാർബൺ ഡേറ്റിംഗ് ഉപയോഗിക്കുകയും AD 993 നും 1202 നും ഇടയിലുള്ളതാണെന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്ന് നടന്ന പഠനങ്ങളിൽ അതുല്യമായ ജനിതക വിരലടയാളം ഉപയോഗിച്ച്, അജ്ഞാതമായ കോമിഫോറ സ്പീഷീസ് വംശനാശം സംഭവിച്ച ഒരു ടാക്‌സണിനെ പ്രതിനിധീകരിക്കാൻ സാധ്യതയുണ്ടെന്ന് പഠനം കണ്ടെത്തി. ഇപ്പോൾ 14 വർഷത്തിലേറെ പഴക്കമുള്ളതും ഏകദേശം 10 അടി (3 മീറ്റർ) ഉയരവുമുള്ള ഈ വൃക്ഷം പൂക്കുകയോ കായ്‌ക്കുകയോ ചെയ്‌തിട്ടില്ല. അതിനാൽ തന്നെ ഈ വൃക്ഷത്തെ സംബന്ധിച്ച പഠനങ്ങൾ നീണ്ടു പോകുകയാണ്.