പാലസ്തീനെ സ്വതന്ത്ര-പരമാധികാര രാഷ്ട്രമായി അംഗീകരിച്ച് സ്ലോവേനിയ. പാര്‍ലമെന്റിലെ വോട്ടെടുപ്പിനൊടുവില്‍ സ്ലോവേനിയ പലസ്തീനെ അംഗീകരിക്കുകയായിരുന്നു. ഇതോടെ യുറോപ്പില്‍ നിന്നും പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നാലാമത്തെ രാജ്യമായി സ്ലോവേനിയ മാറി.
നേരത്തെ സ്പെയിന്‍, നോര്‍വെ, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചിരുന്നു. സ്ലോവേനിയന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഗോലുബ് 1967ലെ അതിര്‍ത്തികള്‍ മുന്‍നിര്‍ത്തി സ്വതന്ത്ര പാലസ്തീനെ തന്റെ രാജ്യവും അംഗീകരിക്കാന്‍ പോവുകയാണെന്ന് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നതും സ്ലോവേനിയ പാലസ്തീനെ അംഗീകരിച്ചതും.
നിലവില്‍ 148 രാജ്യങ്ങള്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്. യു.എന്നിലെ മൂന്നില്‍ രണ്ട് രാജ്യങ്ങളും ഇപ്പോള്‍ പാലസ്തീനെ അംഗീകരിക്കുന്നുണ്ട്. 1967ലെ അതിര്‍ത്തികള്‍ മുന്‍നിര്‍ത്തി പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞത്. മേഖലയില്‍ ശാശ്വതമായ സമാധാനം കൊണ്ടു വരാന്‍ സ്വതന്ത്ര പാലസ്തീന് കഴിയുമെന്നും സാഞ്ചസ് പറഞ്ഞിരുന്നു.