ഒരു വ്യക്തി തന്റെ ജീവിതം ആരംഭിക്കുന്നത് കുടുബത്തിൽനിന്നുമാണ്. അവിടെനിന്നാണ് അയാളുടെ വ്യക്തിത്വം രൂപപ്പെടുന്നതും. അതിനാൽ സന്തോഷവും സമാധാനപ്രദവുമായ ഒരു കുടുംബം കെട്ടിപ്പടുക്കുക എന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. കുടുംബത്തിൽനിന്നും നല്ല ശീലങ്ങൾ അഭ്യസിക്കുന്നത് ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാന്‍ സഹായിക്കുന്നു. സന്തോഷപ്രദമായ ഒരു കുടുംബം രൂപീകരിക്കാവാൻ നമ്മെ സഹായിക്കുന്ന ഘടകങ്ങള്‍ ഏവയെന്ന് പരിശോധിക്കാം.
1. സന്തോഷപ്രദമല്ലാത്ത വിഷയങ്ങൾ ഒഴിവാക്കുക
വീട്ടിൽ എല്ലാവരും ഒന്നിച്ചുകൂടുന്ന സമയങ്ങളിൽ കുടുംബാംഗങ്ങൾക്ക് സന്തോഷം നല്‍കാത്ത വിഷയങ്ങൾ സംസാരിക്കാതിരിക്കുക; പ്രത്യേകിച്ച് ഭക്ഷണസമയങ്ങളിൽ. സ്കൂളിൽ മാർക്ക് കുറഞ്ഞതിനെക്കുറിച്ചും അന്നേദിവസം സംഭവിച്ച കുറവുകളെക്കുറിച്ചും/ പാളിച്ചകളെക്കുറിച്ചും സംസാരിക്കാതിരിക്കുക. പരസ്പരമുള്ള സ്നേഹബന്ധം നഷ്ടപ്പെടാൻ ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതു മൂലം ഇടവരാം.
2. എല്ലാ ദിവസവും കുറച്ചുസമയം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കുക
വീട്ടിലെ ഓരോ അംഗത്തോടൊപ്പം ചിലവഴിക്കാനും എല്ലാ ദിവസവും കുറച്ചുസമയം മാറ്റിവയ്ക്കുക. വ്യക്തിപരമായി അവർക്കുവേണ്ടി തെരഞ്ഞെടുക്കുന്ന ആ സമയം ഒരിക്കലും ഒരു നഷ്ടമല്ല. ഈ രീതിയിൽ പെരുമാറുമ്പോൾ നിങ്ങൾ അവരെ വിലമതിക്കുന്നു എന്ന വിശ്വാസം അവരിൽ ദൃഢമാകുന്നു.
3. പരസ്പരം പ്രോത്സാഹിപ്പിക്കുക
ചെറിയ കാര്യങ്ങൾക്കുപോലും പരസ്പരം കൊടുക്കുന്ന പ്രോത്സാഹനങ്ങൾ കുടുംബബന്ധങ്ങളെ കൂടുതൽ കെട്ടുറപ്പുള്ളതാക്കും. മക്കളെ കൂടുതൽ ആത്മവിശ്വാസമുള്ളവരാക്കാനും ജീവിതപങ്കാളിയുമായുള്ള സ്നേഹബന്ധം കൂടുതൽ മികച്ചതാക്കാനും അത് സഹായിക്കും.
4. എല്ലാറ്റിനും പരസ്പരം നന്ദിപറഞ്ഞു ശീലിക്കുക
നന്ദിപറഞ്ഞു ശീലിക്കേണ്ടത് നമ്മുടെ വീടുകളിൽനിന്നു തന്നെയാണ്. കുട്ടിക്കാലം മുതലേ ആ ശീലം മക്കളിൽ വളർത്തിയെടുക്കാൻ ശ്രദ്ധിക്കുക. നല്ല വ്യക്തിത്വമുള്ളവരാകാൻ അത് അവരെ സഹായിക്കും. ചെറിയ കാര്യങ്ങളിൽപോലും നന്ദിയുള്ള മനോഭാവത്തോടെ ജീവിക്കാവാൻ അത് ഉപകരിക്കും. കുടുംബാംഗങ്ങൾ തമ്മിൽത്തമ്മിലും ഈ ശീലം പ്രാവർത്തികമാക്കുക.