ഈ വർഷം കേരളത്തിൽ കാലവർഷമെത്തുന്നത് മെയ് 27 നാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. സാധാരണ ജൂൺ 1 ന് ആരംഭിക്കുന്ന മഴ അഞ്ച് ദിവസം മുമ്പ് എത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
മെയ് 13 ഓടെ തെക്കുപടിഞ്ഞാറൻ മൺസൂൺ (SWM) തെക്കൻ ആൻഡമാൻ കടലിലേക്കും, നിക്കോബാർ ദ്വീപുകളിലേക്കും, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലേക്കും എത്താൻ സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും ആൻഡമാൻ കടൽ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സാധാരണയായി ജൂലൈ 8 ഓടെ രാജ്യം മുഴുവൻ മൺസൂൺ മൂടുകയാണ് പതിവ്. സെപ്റ്റംബർ 17 ഓടെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് മൺസൂൺ പിൻവാങ്ങാൻ തുടങ്ങി ഒക്ടോബർ 15 ഓടെ അവസാനിക്കുന്നതാണ് രീതി. എന്നാൽ ഇത്തവണ അതിൽ നിന്നും അല്പം വ്യത്യസ്തമാണ്. 2009ന് ശേഷം ഇതാദ്യമായാണ് ഇത്രയും നേരത്തെ മൺസൂൺ കാറ്റുകളെത്തുന്നത്. അന്ന് മെയ് 23നാണ് കാലവർഷം ആരംഭിച്ചത്.