Sunday, November 24, 2024

ചന്ദ്രനില്‍ വാട്ടര്‍ ഐസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഐഎസ്ആര്‍ഒ

ചന്ദ്രന്റെ ധ്രുവീകരണ ഗര്‍ത്തങ്ങളില്‍ ജല ഹിമത്തിന്റെ (വാട്ടര്‍ ഐസ്) സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ). ഐഐടി കാണ്‍പൂര്‍, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി (ഐഎസ്എം) ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് ഐഎസ്ആര്‍ഒയുടെ സ്പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ (എസ്എസി) ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ആദ്യ രണ്ട് മീറ്ററുകളിലെയും ഉപരിതല ഹിമത്തിന്റെ അളവ് രണ്ട് ദ്രുവങ്ങളിലെയും ഉപരിതലങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. മാത്രമല്ല, വടക്കന്‍ ധ്രുവമേഖലയിലെ ജല ഹിമത്തിന്റെ വ്യാപ്തി ദക്ഷിണ ദ്രുവ മേഖലയേക്കാള്‍ ഇരട്ടിയാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇംബ്രിയന്‍ കാലഘട്ടത്തില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്ഫോടനത്തില്‍ നിന്നും പുറംതള്ളപ്പെട്ട വാതകമാണ് ചന്ദ്രനിലെ ജലഹിമത്തിന് കാരണമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. മാരി അഗ്‌നിപര്‍വതങ്ങളും അതിലെ വിള്ളലുകളുമാണ് ഈ ഹിമത്തെ നിയന്ത്രിക്കുന്നതെന്നും അനുമാനിക്കുന്നു.

ജല ഹിമത്തിന്റെ ഉത്ഭവവും വിതരണവും മനസിലാക്കാന്‍ നാസ റോബോട്ടിക് ബഹിരാകാശ പേടകമായ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്ററില്‍ റഡാര്‍, ലേസര്‍, ഒപ്റ്റിക്കല്‍, ന്യൂട്രോണ്‍ സ്പെക്ട്രോമീറ്റര്‍, അള്‍ട്രാ വയലറ്റ് സ്പെക്ട്രോമീറ്റര്‍, തെര്‍മല്‍ റേഡിയോമീറ്റര്‍ എന്നിവ ഉള്‍പ്പെടുന്ന ഏഴ് ഉപകരണങ്ങളെ ഗവേഷണ സംഘം നിയോഗിച്ചിട്ടുണ്ട്.

 

Latest News