Friday, November 29, 2024

ബാൾട്ടിക് കടലിലെ കേബിളുകളുടെ തകർച്ച: അന്വേഷണത്തിൽ സഹകരിക്കാൻ ചൈനയോട് ആഹ്വാനം ചെയ്ത് സ്വീഡൻ

ബാൾട്ടിക് കടലിൽ രണ്ട് കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കണമെന്ന് ചൈനയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് സ്വീഡൻ. ബാൾട്ടിക് കടലിലൂടെ കടന്നുപോകുന്ന സ്വീഡനെ ലിത്വാനിയയുമായി ബന്ധിപ്പിക്കുന്ന ഒരു കേബിളിലും ഫിൻലൻഡിനും ജർമനിക്കും ഇടയിലുള്ള മറ്റൊന്നിലും നവംബർ 17, 18 തീയതികളിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ സഹകരിക്കാനാണ് സ്വീഡന്റെ ആവശ്യം.

കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ച സമയത്ത് യി പെങ് ത്രീ എന്ന ചൈനീസ് കപ്പൽ ഈ പ്രദേശത്ത് ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. അട്ടിമറിയിൽ പങ്കില്ലെന്ന് ബീജിംഗ് വെളിപ്പെടുത്തിയെങ്കിലും എന്താണ് സംഭവിച്ചതെന്നു കണ്ടെത്താൻ സ്വീഡനുമായും മറ്റു രാജ്യങ്ങളുമായും സഹകരിക്കാൻ തയ്യാറാണെന്ന് ചൈനയോട് വെള്ളിയാഴ്ച അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

നവംബർ 15 ന് സെന്റ് പീറ്റേഴ്സ്ബർഗിനു പടിഞ്ഞാറുള്ള റഷ്യൻ തുറമുഖമായ ഉസ്റ്റ്-ലുഗയിൽനിന്നാണ് യി പെങ് ത്രീ പുറപ്പെട്ടത്. നവംബർ 17 ന് സ്വീഡിഷ് ദ്വീപായ ഗോട്ട്ലാൻഡിനും ലിത്വാനിയയ്ക്കും ഇടയിലുള്ള അറേലിയൻ കേബിളിന് കേടുപാടുകൾ സംഭവിച്ചു. പിറ്റേന്ന്, ഫിന്നിഷ് തലസ്ഥാനമായ ഹെൽസിങ്കിക്കും ജർമൻ തുറമുഖമായ റോസ്റ്റോക്കിനും ഇടയിലുള്ള സി-ലയൺ 1 കേബിൾ വിച്ഛേദിക്കപ്പെട്ടു.

കപ്പൽ ട്രാക്കിംഗ് വെബ്സൈറ്റുകളിൽനിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്, ഓരോന്നിനും കേടുപാടുകൾ സംഭവിച്ച സമയത്ത് യി പെങ് ത്രീ ഈ കേബിളുകൾക്കു മുകളിലൂടെ സഞ്ചരിച്ചുവെന്നാണ്. 160 കിലോമീറ്ററിലധികം കടൽത്തീരത്ത് നങ്കൂരമിടുകയും വലിച്ചിടുകയും ചെയ്തുകൊണ്ട് കപ്പൽ മനഃപൂർവ്വം കേബിളുകൾക്ക് കേടുപാടുകൾ വരുത്തിയതായി അന്വേഷകർ സംശയിക്കുന്നു എന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്തുന്നതിനായി സ്വീഡിഷ് അധികാരികളുമായി സഹകരിക്കണമെന്ന് തന്റെ സർക്കാർ ചൈനയ്ക്ക് ഔപചാരിക അഭ്യർഥന അയച്ചതായി സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൺ വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

“എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുന്നത് വളരെ പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. തീർച്ചയായു, ഞങ്ങൾ അയച്ച അഭ്യർഥന ചൈനയും പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News