Wednesday, June 10, 2026

സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ സ്വീഡൻ

സ്കൂളുകളിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിൽ ലോകത്തിന് തന്നെ മാതൃകയായിരുന്ന സ്വീഡൻ, അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ മൊബൈൽ ഫോണുകൾ പൂർണ്ണമായും നിരോധിക്കുന്നു. ക്ലാസ് മുറികളിലെ അമിതമായ സ്ക്രീൻ ഉപയോഗം കുട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന ആഗോള വിലയിരുത്തലുകളുടെ പശ്ചാത്തലത്തിലാണ് സ്വീഡന്റെ ഈ നിർണ്ണായക തീരുമാനം.

കമ്പ്യൂട്ടറുകൾക്കും ടാബ്‌ലെറ്റുകൾക്കും പകരം പുസ്തകങ്ങൾക്കും പരമ്പരാഗത പഠനരീതികൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന നയമാണ് 2023 മുതൽ സ്വീഡനിലെ മധ്യ-വലതുപക്ഷ സഖ്യസർക്കാർ സ്വീകരിച്ചുപോരുന്നത്. പ്രത്യേകിച്ച് പ്രീ-സ്കൂൾ കുട്ടികൾക്കിടയിൽ സ്ക്രീൻ സമയം കുറയ്ക്കാനും വായനാശീലം വളർത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സ്കൂളുകളിൽ സ്ക്രീനുകൾ അമിതമായത് കുട്ടികളുടെ അടിസ്ഥാനപരമായ കഴിവുകളെ ബാധിച്ചതായി സ്വീഡിഷ് പാർലമെന്റിന്റെ വിദ്യാഭ്യാസ സമിതി അധ്യക്ഷനും ജനപ്രതിനിധിയുമായ ജോവർ ഫോർസെൽ വ്യക്തമാക്കി. “പുസ്തകങ്ങളും പരമ്പരാഗത പഠനരീതികളുമാണ് കുട്ടികൾക്ക് കൂടുതൽ നല്ലതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ക്ലാസ് മുറികളിൽ നിന്ന് ഡിജിറ്റൽ സ്ക്രീനുകളെ ഞങ്ങൾ പടിക്ക് പുറത്താക്കുന്നത്” – ഫോർസെൽ പറഞ്ഞു. സ്കൂളുകളിൽ സ്മാർട്ട്‌ഫോണുകൾക്കെതിരെ ലോകവ്യാപകമായി രൂപപ്പെടുന്ന വലിയൊരു മാറ്റത്തിന്റെ ഭാഗമാണ് സ്വീഡന്റെ ഈ പുതിയ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News