പ്രശസ്ത റഷ്യന്‍-അമേരിക്കന്‍ നോവലിസ്റ്റും ചിന്തകയും തിരക്കഥാ രചയിതാവുമാണ് അയ്ന്‍ റാന്‍ഡ്. അറ്റ്‌ലസ് ഷ്രഗ്ഗ്ഡ്, ഫൗണ്ടന്‍ ഹെഡ് എന്നിവ അവരുടെ ഏറെ പ്രശസ്തമായ നോവലുകളാണ്. ഒബ്ജക്റ്റിവിസം എന്നൊരു തത്ത്വചിന്താ പ്രസ്താനത്തിനും അവര്‍ രൂപം നല്‍കുകയുണ്ടായി. 1905-ല്‍ റഷ്യയില്‍ ജനിച്ച റാന്‍ഡ് 1926-ല്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
റഷ്യയില്‍ ജനിച്ചു വളര്‍ന്ന്, 1920 ലെ ബോള്‍ഷെവിക് വിപ്ലവത്തിന്റെ ദുരന്തങ്ങള്‍ നേരിട്ട് അനുഭവിച്ച അയന്‍, വ്യക്തി സ്വാതന്ത്ര്യം ഒന്നിനു വേണ്ടി മാത്രം അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു വ്യക്തിയാണ്. സമൂഹത്തിന്റെയും ഗവണ്‍മെന്റിന്റെയും അനാവശ്യമായ ഇടപെടലുകള്‍ വ്യക്തിവികാസത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന നിലപാട് വിശദീകരിക്കുന്നതാണ് റാന്റിന്റെ നോവലുകളും ലേഖനങ്ങളുമെല്ലാം. ഇത്തരം ആശയങ്ങളെ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിനു തുടക്കംകുറിച്ച നോവല്‍ ആണ് ദി ഫൗണ്ടന്‍ ഹെഡ്. കഥയില്‍ കഴമ്പില്ല എന്ന കാരണത്താല്‍, പത്തിലകം പ്രസാധകര്‍ നിരസിച്ച ഈ കഥ, പുറത്തിറങ്ങിയ ശേഷം ക്രമേണ ജനശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു.
ഐന്‍ റാന്‍ഡിന്റെ 1943-ലെ നോവലാണ് ദി ഫൗണ്ടന്‍ഹെഡ്. അവരുടെ ആദ്യത്തെ വലിയ സാഹിത്യ വിജയം കൂടിയായിരുന്നു ആ നോവല്‍. അഹംബോധം വെടിഞ്ഞ് നിഷ്‌കളങ്കമായി ജീവിതം നയിക്കുവാന്‍ മനുഷ്യന് സാധിക്കുമോ? മതഗ്രന്ഥങ്ങളും മഹാനുഭാവന്മാരും എല്ലാം ഒരേ സ്വരത്തോടെ ഉദ്‌ഘോഷിക്കുന്നുവെന്ന് നാം ധരിച്ചുവച്ചിരിക്കുന്ന അത്തരം നിസ്വാര്‍ത്ഥ ജീവിതങ്ങള്‍ നാം മാതൃകയാക്കണമോ? അഥവാ ഒരുവന്റെ പരമമായ ജീവിത ലക്ഷ്യം അതായിരിക്കണമോ? മൗലികമായ ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ വായനക്കാരില്‍ ഉണര്‍ത്തുന്ന ഒരു നോവല്‍ ആണ് അയന്‍ റാന്റെ ‘ദി ഫൗണ്ടന്‍ ഹെഡ്’.
നോവലിലെ നായകന്‍, ഹോവാര്‍ഡ് റോര്‍ക്ക്, നിര്‍വികാരനായ ഒരു യുവ വാസ്തുശില്പിയാണ്. അയാള്‍ പരമ്പരാഗത മാനദണ്ഡങ്ങള്‍ക്കെതിരെ പോരാടുകയും പുതുമകള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത ഒരു വാസ്തുവിദ്യാ സ്ഥാപനവുമായി വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. കൂട്ടായ്മയെക്കാള്‍ ശ്രേഷ്ഠമാണ് വ്യക്തിത്വമെന്ന റാന്‍ഡിന്റെ വിശ്വാസത്തെ റോര്‍ക്ക് എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു. ഹോവാര്‍ഡ് റോര്‍ക്ക് തന്റെ ആശയങ്ങളോട് വളരെ സത്യസന്ധനാണ്, അവന്‍ ലോകത്തിന്റെ നിസ്സാരകാര്യങ്ങളില്‍ അകപ്പെടില്ല.
രസകരമായ ട്വിസ്റ്റുകളും ചിന്തോദ്ദീപകമായ തത്ത്വചിന്തയും ഉപയോഗിച്ച് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ‘ദ ഫൗണ്ടന്‍ഹെഡ് എക്കാലത്തെയും ഏറ്റവും പ്രചോദനം നല്‍കുന്ന പുസ്തകങ്ങളില്‍ ഒന്നാണ്. വ്യക്തിത്വവും കൂട്ടായ്മയും, രാഷ്ട്രീയത്തിലല്ല, മനുഷ്യന്റെ ആത്മാവിലാണ് എന്നതാണ് നോവലിന്റെ പ്രമേയം. നിങ്ങളുടെ സ്വന്തം യുക്തിസഹമായ വിധിയെ പിന്തുടരുക, നിങ്ങളുടെ സ്വന്തം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക, നിങ്ങളുടെ സ്വന്തം മൂല്യങ്ങള്‍ക്കും സന്തോഷത്തിനും വേണ്ടി ജീവിക്കുക എന്ന വിലപ്പെട്ട സന്ദേശവും നോവലിലൂടെ എഴുത്തുകാരി പങ്കുവയ്ക്കുന്നു.
ബലാത്സംഗത്തെ അംഗീകരിക്കുന്നുവെന്നും ദൈവരഹിതവും വികൃതവുമായ ലോകത്തെ ചിത്രീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ ഈ നോവലിനെ തരംതാഴ്ത്തിയിരുന്നു. നോവലിന്റെ പ്രാരംഭ വില്‍പ്പന മന്ദഗതിയിലായിരുന്നു. എന്നാല്‍ വാമൊഴിയായി പുസ്തകം ഏറെ പ്രചരിക്കപ്പെടുകയും ബെസ്റ്റ് സെല്ലര്‍ ആകുകയും ചെയ്തു. ദി ഫൗണ്ടന്‍ഹെഡിന്റെ 6.5 ദശലക്ഷത്തിലധികം പകര്‍പ്പുകള്‍ ലോകമെമ്പാടും വിറ്റഴിഞ്ഞു. 20-ലധികം ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. കൂടാതെ ഈ നോവല്‍ പലതവണ മറ്റ് മാധ്യമങ്ങളിലേക്കും പകര്‍ത്തപ്പെട്ടു.