Sunday, November 24, 2024

ആരോഗ്യം നൽകും ഇന്തുപ്പ് എന്ന ‘പിങ്ക് ഉപ്പ്’

ഉപ്പ് ഒഴിവാക്കിയുള്ളൊരു ഭക്ഷണശീലം നമ്മൾ മലയാളികൾക്ക് വലിയ ബുദ്ധിമുട്ടാണ്. ‘ഉപ്പോളം വരുമോ ഉപ്പിലിട്ടത്’ എന്ന പ്രയോഗംപോലും ഇതിൽനിന്ന് ഉണ്ടായതാണെന്നു സാരം. എങ്കിലും രോഗങ്ങളുടെ വരവോടുകൂടി ഉപ്പിനെ ഒരു വില്ലനായി കണ്ടുവരുന്നു. എങ്കിലും ഉപ്പില്ലാത്ത പാചകത്തെയോ, ഉപ്പില്ലാത്തൊരു വീടിനെയോ ഇപ്പോഴും സങ്കല്പിക്കാൻ നമുക്കു കഴിയില്ല. പലതരത്തിലുള്ള ഉപ്പുകളുണ്ടെങ്കിലും ആരോഗ്യം പ്രദാനം ചെയ്യുന്ന ഉപ്പുമുണ്ട്; അതിലൊന്നാണ് ഇന്തുപ്പ്. ഇതിനെ ‘ഹിമാലയൻ പിങ്ക് സാൾട്ട്’ എന്നും വിളിക്കുന്നു. പിങ്ക് നിറമുള്ള ഈ ഉപ്പ് ചില്ലറക്കാരനല്ല.

ഹിമാലയൻ പർവതനിരകൾക്കു സമീപം പാക്കിസ്ഥാനിൽ ഖനനംചെയ്‌തെടുത്ത പ്രകൃതിദത്ത പിങ്ക് നിറത്തിലുള്ള ഉപ്പാണിത്. മനുഷ്യന്റെ ആരോഗ്യസംവിധാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഇന്തുപ്പ്, അധികമായാൽ ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കു കാരണമാകും. എങ്കിലും ആരോഗ്യഗുണങ്ങളിൽ അല്പം ഉയർന്നുനിൽക്കുന്നതിനാൽ സാധാരണ ഉപ്പിനു പകരമായി ഇപ്പോൾ വ്യാപകമായി ഇന്തുപ്പ് ഉപയോഗിച്ചുവരുന്നു.

മറ്റ് ഉപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിമാലയൻ പിങ്ക് സാൾട്ടിൽ ഉയർന്ന ധാതുക്കളുണ്ട്. ഇതിൽ സോഡിയം ക്ലോറൈഡ് കുറവാണ്. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ ഉപ്പ് ഉപയോഗിക്കാൻ കാരണങ്ങൾ നിരവധിയാണ്. രാസവസ്തുക്കളോ, വിഷവസ്തുക്കളോ അടങ്ങിയിട്ടില്ലാത്തതിനാൽ ഇന്തുപ്പ് ഏറ്റവും ശുദ്ധമായ ഉപ്പിനമാണ്. ഇതിലെ തന്മാത്രകൾ ചെറുതായതുകൊണ്ടുതന്നെ ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന 84 ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. പുരാതന ഗ്രീക്കുകാർ ശ്വാസനാളം വൃത്തിയാക്കാനും ശ്വസനം മെച്ചപ്പെടുത്താനും ഇന്തുപ്പ് ഉപയോഗിച്ചിരുന്നു. മാനസികസമ്മർദം കുറയ്ക്കാൻ ഇന്തുപ്പിന്റെ ഉപയോഗം സഹായിക്കുന്നു. ശരീരത്തിലെ സെറോടോണിന്റെ അളവ് വർധിപ്പിക്കുന്നതുമൂലം, ഈ ഹോർമോൺ നമ്മുടെ സമ്മർദം കുറയ്ക്കാനും ഊർജം വർധിപ്പിക്കാനും വിഷാദം ഒഴിവാക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഊർജത്തിന്റെ വീണ്ടെടുപ്പിനും ഇന്തുപ്പ് സഹായിക്കുന്നു.

പലരിലും കണ്ടുവരുന്ന ഒരു അവസ്ഥയാണ് ഉറക്കമില്ലായ്മ. ഉയർന്ന ധാതുക്കൾ ഉള്ളതിനാൽ ഇന്തുപ്പ് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ഗ്യാസ് അടിഞ്ഞുകൂടുന്നതു തടയാനും ഇവ സഹായിക്കുന്നു. ഇന്തുപ്പ്, ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസത്തെ നിയന്ത്രിക്കാനും ആസിഡ്-ആൽക്കലൈൻ ബാലൻസ് പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.

ഭക്ഷണപദാർഥങ്ങളിലെ വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾ ഇന്തുപ്പിൽ അടങ്ങിയിരിക്കുന്നു. അതുപോലെതന്നെ ചർമ്മത്തിൽനിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യുകയും വൃത്തിയുള്ളതും മൃദുവായതുമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. മുഖക്കുരുവിനു കാരണമായ ചർമ്മത്തിലെ പി. എച്ച്. അസന്തുലിതാവസ്ഥയെ ഇല്ലാതാക്കി മുഖക്കുരുരഹിതചർമ്മം നൽകുകയും ചെയ്യുന്നു. എക്സിമ പോലുള്ള ചർമ്മരോഗങ്ങൾ ചികിത്സിക്കാനും ഇത് ഉപയോഗിക്കുന്നു.

മഗ്‌നീഷ്യത്തിന്റെ കുറവ് മൂലമാണ് സാധാരണയായി പേശിവലിവ് ഉണ്ടാകുന്നത്. പിങ്ക് ഹിമാലയൻ സാൾട്ടിൽ മതിയായ അളവിൽ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഇന്തുപ്പ് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തസമ്മർദത്തിന്റെ അളവ് നിയന്ത്രിക്കുകയും ഹൃദയാഘാതസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

അധികമായാൽ അമൃതും വിഷം എന്നതുപോലെതന്നെ ഗുണങ്ങൾ കൂടുതലുണ്ടെങ്കിലും ഇന്തുപ്പ് അമിതമായി ശരീരത്തിലെത്തുന്നതും നന്നല്ല. പിങ്ക് സാൾട്ട് ഉപയോഗിക്കുമ്പോൾ ചില മുൻകരുതലുകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. ചിലർക്ക് ഹിമാലയൻ ഉപ്പ് അലർജിയായിരിക്കാം. നീർവീക്കം, തിണർപ്പ് മുതലായ അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടായാൽ ഹിമാലയൻ ഉപ്പ് ഉപയോഗിക്കുന്നത് നിർത്തണം. ഹിമാലയൻ ഉപ്പ് ഗർഭിണികൾക്ക് കഴിക്കാമോ എന്നു തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. അതിനാൽ, ഗർഭകാലത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

Latest News