ആള്‍ക്കൂട്ടക്കൊലപാതകക്കേസുകള്‍ തടയാന്‍ സംസ്ഥാനങ്ങള്‍ എന്തു നടപടി സ്വീകരിച്ചെന്ന് സുപ്രീംകോടതി. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ (എന്‍എഫ്‌ഐഡബ്ല്യു) സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ പ്രതികരണം.
നിലവില്‍ മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റീസുമാരായ ബി.ആര്‍. ഗവായി, അരവിന്ദ് കുമാര്‍, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
ആള്‍ക്കൂട്ടക്കൊലപാതകങ്ങളെ സാധാരണ കൊലപാതകമായി ചിത്രീകരിക്കുന്നത് എന്താണെന്നും തെഹ്‌സീന്‍ പൂനവാല കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം മറികടക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നതായും എന്‍എഫ്‌ഐഡബ്ല്യുവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ നിസാം പാഷ പറഞ്ഞു. മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിസാം പാഷയുടെ പ്രതികരണം.