ട്രാൻസ്ജെൻഡർ വ്യക്തികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന് സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അഭിപ്രായപ്പെട്ടു. കേരളത്തിൽ ആദ്യമായി ആരംഭിക്കുന്ന ട്രാൻസ്ജെൻഡർ ക്രൈസിസ് ഇൻറർവെൻഷൻ സെൻറർ, കാക്കനാട് ഐ എം ജി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
‘മാനവരാശിയുടെ ഉദയഘട്ടം മുതൽ ട്രാൻസ്ജെൻഡർ വ്യക്തികൾ ഇവിടെയുണ്ട്. അവരെ സമൂഹത്തിന്റെ പിന്തുണ നൽകി, സമൂഹത്തിന്റെ മുഖ്യധാരയോടു ചേർക്കേണ്ടതുണ്ട്. മാനുഷികമായ പരിഗണനയും സാധ്യമാക്കേണ്ടതുണ്ട്. അതിനായി സമഗ്രതയാർന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് അവരുടെ ശാരീരികവും മാനസികവുമായ ആകുലതകൾ പരിഹരിക്കാൻവേണ്ടിയുള്ള ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ ആരംഭിക്കുന്നതെന്നും മന്ത്രി തുടർന്നു പറഞ്ഞു.
ചടങ്ങിൽ സാമൂഹ്യനീതി അസി. ഡയറക്ടർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സി ജെ സിനോ സേവി, പ്രൊജക്ട് കോ-ഓർഡിനേറ്റർ, ശ്യാമ എസ് പ്രഭ, ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് മെമ്പർമാരായ ഷെറിൻ ആന്റണി, അർജുൻ ഗീത, ജൂനിയർ സൂപ്രണ്ട് ഷെറിൻ പി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
രാജ്യത്ത് ആദ്യമായി ട്രാൻസ്ജെൻഡർ നയം ആവിഷ്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സാമൂഹ്യനീതി വകുപ് ട്രാൻസ്ജെൻഡർ വ്യക്തികളുടെ സമഗ്ര ഉന്നമനം കണക്കിലാക്കി നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതികൂലസാഹചര്യങ്ങളെയും നേരിടാൻ 24 മണിക്കൂർ പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്ററാണ് കാക്കനാട് സജ്ജമായിരിക്കുന്നത്. ലൈംഗികപീഡനങ്ങൾ, ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനങ്ങൾ, ഗാർഹിക അതിക്രമങ്ങൾ, ആരോഗ്യസംബന്ധിയായ പ്രശ്നങ്ങൾകൊണ്ട് ഉണ്ടാകുന്ന മാനസികബുദ്ധിമുട്ടുകൾ തുടങ്ങിയ വിവിധങ്ങളായ പ്രതിസന്ധികളിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന മാനസിക സമ്മർദം ലഘൂകരിക്കുന്നതിനാണ് ഈ സംവിധാനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറും കൗൺസിലർമാരുടെ സേവനവും സെൻററിൽ ലഭ്യമാകും. നടപ്പുസാമ്പത്തികവർഷം പദ്ധതി പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ട്രാൻസ്ജെൻഡർ വ്യക്തികൾ തന്നെയാണ് സെന്റർ പ്രവർത്തിപ്പിക്കുക.