Sunday, November 24, 2024

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം മത്സരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം. വരള്‍ച്ച നേരിടാന്‍ എന്‍ഡിആര്‍എഫില്‍ നിന്ന് ധനസഹായം അനുവദിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

‘ഒരു മത്സരം ഉണ്ടാകരുത്,’ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടു.

വരള്‍ച്ച നേരിടാന്‍ കേന്ദ്രം ധനസഹായം നല്‍കുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം (ഐഎംസിടി) റിപ്പോര്‍ട്ട് ലഭിച്ച് ഒരു മാസത്തിനകം എന്‍ഡിആര്‍എഫ് സഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രം അന്തിമ തീരുമാനമെടുക്കണമെന്നാണ് ചട്ടങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് സിബല്‍ ബെഞ്ചിനെ അറിയിച്ചു. കര്‍ണാടകയെ സംബന്ധിച്ചിടത്തോളം, ഈ കാലയളവ് 2023 ഡിസംബറില്‍ അവസാനിച്ചു, എന്നാല്‍ ഒന്നും ലഭിച്ചില്ല സിബല്‍ പറഞ്ഞു. കോടതിയെ സമീപിക്കുന്നതിനു പകരം സംസ്ഥാനത്തുനിന്നുള്ള ആരെങ്കിലും കേന്ദ്രവുമായി സംസാരിച്ചിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്ന് ജസ്റ്റിസ് മേത്ത പറഞ്ഞു.

 

Latest News