പോർട്ട സാന്താ അനയ്ക്കു സമീപം സ്ഥിതിചെയ്യുന്ന 89 വിയ-ബോർഗോ പിയോയിൽ റോമിലെ സഭാപരമായ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന ഐക്കണിക് തയ്യൽകടയായ ‘മാഞ്ചിനെല്ലി ക്ലെർജി’ സ്ഥിതിചെയ്യുന്നു. അവിടെ, പുതിയ മാർപാപ്പയുടെ വസ്ത്രം തയ്ക്കുന്നതിന്റെ ചുമതലയുള്ള വ്യക്തിയാണ് തയ്യൽക്കാരനായ റാനിയേറോ മാഞ്ചിനെല്ലി. ഇത് നാലാമത്തെ പാപ്പയ്ക്കായാണ് അദ്ദേഹം വസ്ത്രം തയ്യാറാക്കുന്നത്. ഇവിടെ പുതിയ പാപ്പയ്ക്കായി ചെറുതും ഇടത്തരവും വലുതുമായ മൂന്ന് വ്യത്യസ്ത വലിപ്പങ്ങളിലുള്ള വസ്ത്രങ്ങൾ ഏകദേശം തയ്യാറാണ്.
ആറു പതിറ്റാണ്ടിലേറെയായി താൻ ചെയ്തുവരുന്ന ജോലിയുടെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നു: “ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്റ്റ് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരുടെ വസ്ത്രം ഞാൻ തയ്ച്ചിട്ടുണ്ട്. ഇത് നാലാമത്തെ പാപ്പയുടെ വസ്ത്രമാണ് തയ്ക്കുന്നത്. ഇനി വളരെ കുറച്ചു മാത്രമേ ബാക്കിയുള്ളൂ” – കോൺക്ലേവ് ആരംഭിക്കുന്നതിനു മുൻപുതന്നെ മാഞ്ചിനെല്ലി പറയുന്നു.
“നാല് മാർപാപ്പമാരുടെ വസ്ത്രം തയ്ച്ചതു മാത്രമല്ല താൻ ഏറ്റവും വിലമതിക്കുന്നത്. അതിലുമുപരി ദൈവത്തിനുവേണ്ടി ജീവിതം സമർപ്പിച്ചവരെ സേവിക്കാൻ കഴിയുന്നതാണ്” – അദ്ദേഹം പറയുന്നു.