ലോകപ്രശസ്ത കാർട്ടൂൺ കഥാപാത്രമായ ഡൊണാൾഡ് ഡക്ക് ആദ്യമായി തിയേറ്ററിൽ പ്രത്യക്ഷപ്പെട്ടത് 1934 ജൂൺ ഒൻപതിനാണ്. 1931 ൽ പ്രസിദ്ധീകരിച്ച അഡ്വഞ്ചേഴ്സ് ഓഫ് മിക്കിമൗസ് എന്ന കാർട്ടൂൺ ചിത്രകഥയിലെ കഥാപാത്രമായിരുന്നു ഡൊണാൾഡ് ഡക്ക്. അമേരിക്കയിലെ പ്രശസ്ത ആനിമേറ്ററായ വാൾട്ട് ഡിസ്നിയാണ് കഥാപാത്രത്തെ സൃഷ്ടിച്ചത്. ഡിസ്നിയുടെ ദി വൈസ് ലിറ്റിൽ ഹെൻ എന്ന ഷോർട്ട്ഫിലിം പരമ്പരയിലാണ് ഡൊണാൾഡ് ഡക്ക് പ്രത്യക്ഷപ്പെട്ടത്. ക്ലാരെൻസ് നാഷ് എന്നയാളാണ് ഡൊണാൾഡ് ഡക്കിന് ശബ്ദം നൽകിയത്. പിന്നീട് പല ചിത്രങ്ങളിലും ഡക്ക് കഥാപാത്രമായി. ഡൊണാൾഡ് ഡക്ക് കഥാപാത്രമായി വന്ന ദെർ ഫ്യൂറെർസ് ഫേസ് എന്ന ചിത്രത്തിന് 1943 ൽ ഓസ്കാർ അവാർഡും ലഭിച്ചു.
അവിസ്മരണീയ കഥാപാത്രങ്ങളെക്കൊണ്ട് വായനക്കാരെ എക്കാലത്തും ത്രസിപ്പിച്ച എഴുത്തുകാരൻ ചാൾസ് ഡിക്കൻസ് അന്തരിച്ചത് 1870 ജൂൺ ഒൻപതിനാണ്. ഇംഗ്ലിഷ് നോവലിസ്റ്റുകളിൽ പ്രമുഖനും സാമൂഹിക പരിവർത്തകനും വിഖ്യാതനായ വിക്ടോറിയൻ നോവലിസ്റ്റുമായാണ് ഡിക്കൻസ് അറിയപ്പെടുന്നത്. ഡേവിഡ് കോപ്പർഫീൽഡ്, ഒലിവർ ട്വിസ്റ്റ്, എ ടെയ്ൽ ഓഫ് ടു സിറ്റിസ്, ഗ്രേറ്റ് എക്സ്പെറ്റേഷൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി ക്ലാസിക്കുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1812 ൽ ഹാംഷയെറിലെ ലാൻഡ്പോർട്ടിലാണ് അദ്ദേഹം ജനിച്ചത്. ലണ്ടനിലെ വെല്ലിങ്ടൻ ഹൗസ് അക്കാദമിയിലും മിസ്റ്റർ ഡോസൻസ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടർന്ന് സ്വയം വിദ്യാഭ്യാസമായിരുന്നു. 1833 ൽ ബോസ് എന്നപേരിൽ മന്ത്ലി മാഗസിനിൽ ലേഖനങ്ങൾ എഴുതാനാരംഭിച്ച ഡിക്കെൻസ് 1836 ലാണ് മുഴുവൻസമയ സാഹിത്യരചനയിലേക്കു തിരിഞ്ഞത്.
2008 ജൂൺ ഒൻപതിനാണ് ചണ്ഡീഗഡിനെ പുകയിലവിമുക്ത നഗരമായി സർക്കാർ പ്രഖ്യാപിച്ചത്. അതോടെ ഇന്ത്യയിലെ ആദ്യത്തെ പുകയിലരഹിത നഗരമായി ചണ്ഡീഗഡ് മാറി. 2007 ജൂലൈയിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച് ഈ നഗരത്തെ പുകവലിരഹിത നഗരമായി പ്രഖ്യാപിച്ചിരുന്നു.

