Wednesday, May 14, 2025

ചരിത്രത്തിൽ ഈ ദിനം: മെയ് 13

ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ ആദ്യ സമ്മേളനം നടന്നത് 1952 മെയ് 13 നായിരുന്നു. ആദ്യ രണ്ടുവർഷങ്ങളിൽ കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്നാണ് രാജ്യസഭ അറിയപ്പെട്ടിരുന്നത്. 1919 ലെ മൊണ്ടേഗു ചെംസ്ഫോർഡ് റിപ്പോർട്ടാണ് മറ്റു ജനാധിപത്യ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഒരു ഉപരിസഭയുടെ രൂപീകരണം ശുപാർശ ചെയ്തത്. ആദ്യ രാജ്യസഭയിൽ 216 അംഗങ്ങളുണ്ടായിരുന്നു. ഡോ എസ് രാധാകൃഷ്ണൻ ആദ്യ ചെയർമാനും എസ് വി കൃഷ്ണമൂർത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയർമാനുമായിരുന്നു.

രണ്ടാം പൊഖ്റാൻ അണുപരീക്ഷണം പൂർത്തിയായത് 1998 മെയ് 13 നാണ്. മെയ് 11 ന് ആരംഭിച്ച, ‘ഓപ്പറേഷൻ ശക്തി’ എന്നു പേരിട്ടിരുന്ന അണുപരീക്ഷണങ്ങളിൽ അഞ്ച് സ്ഫോടനങ്ങളാണ് ഉണ്ടായിരുന്നത്. ഈ പരീക്ഷണവിജയത്തോടെയാണ് ലോകത്തിലെ ആണവശക്തികളുടെ സംഘത്തിലേക്ക് ഇന്ത്യയും പ്രവേശിച്ചത്. പ്രധാനമന്ത്രിയായിരുന്ന അടൽബിഹാരി വാജ്പേയിയും ഡോ എ പി ജെ അബ്ദുൾ കലാമും അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസുമാണ് ആണവപരീക്ഷണത്തിന് നേതൃത്വം നൽകിയത്. ലോകരാഷ്ട്രങ്ങളുടെ എതിർപ്പ് മറികടന്നാണ് പൊഖ്റാനിൽ അന്ന് ആണവപരീക്ഷണം നടന്നത്.

ഇന്ത്യയുടെ ലാറാ ദത്ത വിശ്വസുന്ദരി കിരീടം ചൂടിയത് 2000 മെയ് 13 നായിരുന്നു. സൈപ്രസിൽവച്ചു നടന്ന 49-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് ലാറ വിജയിയായത്. 78 പേരെ പിന്തള്ളി വിശ്വസുന്ദരി കിരീടമണിയുമ്പോൾ 21 വയസ്സായിരുന്നു അവരുടെ പ്രായം. 2003 ൽ അഭിനയരംഗത്തേക്കു  പ്രവേശിച്ച അവർ ആദ്യ സിനിമയ്ക്കുതന്നെ മികച്ച പുതുമുഖനടിക്കുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News