ഓസ്‌ട്രേലിയയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് ലോകംചുറ്റി ഒൻപതു മാസക്കാലം കടലിലൂടെ യാത്രചെയ്ത ശേഷം, റോയൽ കരീബിയൻ അൾട്ടിമേറ്റ് വേൾഡ് ക്രൂയിസിലെ യാത്രക്കാർ ഒടുവിൽ തുറമുഖത്തെത്തി. ഏഴു ഭൂഖണ്ഡങ്ങളും 65 രാജ്യങ്ങളും നിരവധി ലോകാത്ഭുതങ്ങളും 274 ദിവസങ്ങളും പിന്നിട്ട് നീണ്ട ഒൻപതു മാസത്തെ യാത്രയ്ക്കുശേഷമാണ് അറുനൂറോളം ആളുകൾ കടലിൽനിന്നും കരയിലേക്ക് എത്തിയത്.
#RoyalCaribbeanUltimateWorldCruise എന്ന ഹാഷ്‌ടാഗിനുകീഴിൽ ദശലക്ഷക്കണക്കിനു കാഴ്ചക്കാരിലൂടെ TikTok-ൽ വൈറലായ ‘ഒരു ജീവിതയാത്രയുടെ’ 274 ദിവസങ്ങൾ എങ്ങനെയായിരുന്നുവെന്നും എങ്ങനെയാണ് ആ യാത്ര ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതെന്നും സഞ്ചാരികൾ വെളിപ്പെടുത്തുന്നുണ്ട്.
റോയൽ കരീബിയൻ വേൾഡ് ക്രൂയിസ് എന്ന കപ്പൽ 2021-ലാണ് ഇത്തരമൊരു യാത്രയുടെ വിവരങ്ങൾ സഞ്ചാരികൾക്കായി പുറത്തുവിടുന്നത്. നൂറുകണക്കിനാളുകൾ ഇതിൽ പങ്കുചേർന്നത് യാത്രികർക്കും റോയൽ കരീബിയൻസിനും ആവേശവും കൗതുകവുമുണ്ടാക്കി. യാത്ര ബുക്ക് ചെയ്തവരിലൊരാളായിരുന്നു ലാസ് വെഗാസിൽനിന്നുള്ള മെഡിക്കൽ ഗവേഷകയായ ജെന്നിഫർ ഹന്നികുട്ട്. 2021-ലെ യാത്രയുടെ അറിയിപ്പ് കണ്ടതിനുശേഷമാണ് താനും ഭർത്താവും ക്രൂയിസ് ബുക്ക് ചെയ്തതെന്ന് ഹന്നികുട്ട് വെളിപ്പെടുത്തുന്നു. തങ്ങളുടെ യാത്രയെക്കുറിച്ച് അവർ ഫോക്സ് ന്യൂസിനോടു പങ്കുവച്ചത് ഇപ്രകാരമായിരുന്നു: “ഇത് 2021-ലാണ് ഞങ്ങൾ കാണുന്നത്. കോവിഡ് പാൻഡമിക്കിൽനിന്നും ലോകം പുറത്തുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും യാത്രയോടുള്ള ആഗ്രഹം ഞങ്ങളെ ഇതിലേക്കു ആകർഷിച്ചു.”
അൾട്ടിമേറ്റ് വേൾഡ് ക്രൂയിസിലെ അറുനൂറിലധികം യാത്രക്കാർ ഒൻപതു മാസത്തെ കടൽയാത്രയ്ക്കുശേഷം ഒരുപാട് ഓർമ്മകളുമായാണ് കരയിലേക്കു മടങ്ങിയെത്തിത്. ജോലി ഉണ്ടായിരുന്നതിനാൽ കടലിലെ ഇന്റർനെറ്റ് സൗകര്യങ്ങളും നെറ്റ്‌വർക്ക് ലഭ്യതയുമെല്ലാം ഒരുപാട് ആശങ്കപ്പെടുത്തിയെങ്കിലും കപ്പലിൽ വച്ചുതന്നെ വ്യത്യസ്ത സമയമേഖലകളിൽ നിന്നുകൊണ്ട് ജെന്നിഫറും ഭർത്താവും തങ്ങളുടെ യാത്രയോടൊപ്പം ജോലിയും മനോഹരമായി പൂർത്തിയാക്കി.
274 ദിവസത്തെ സാഹസികയാത്രയ്ക്കുമുമ്പ് താനും ഭർത്താവും, ഒരു കപ്പലിലെ ജീവിതം എങ്ങനെയായിരിക്കുമെന്നു കാണാൻ ‘ടെസ്റ്റ് റൺ’ എന്ന നിലയിൽ ഒരു മിനി ക്രൂയിസിനു പോയതായി ജെന്നിഫർ പറഞ്ഞു. അന്റാർട്ടിക്കയിലെ കാഴ്ചകളാണ് ജെന്നിഫറിന്റെയും ഭർത്താവിന്റെയും യാത്രയിലെ ഏറ്റവും പ്രിയപ്പെട്ടത്.
യാത്രയുടെ ദിനങ്ങൾ കൂടുതൽ അടുക്കുന്തോറും ഏതാണ്ട് 24 /7 അപരിചിതരാൽ ചുറ്റപ്പെട്ടാൽ എങ്ങനെയിരിക്കുമെന്ന ആശങ്കയും ഇവർക്കുണ്ടായിരുന്നു.
“നമ്മളേക്കാൾ വളരെ പ്രായമുള്ള, ഒരുപക്ഷേ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകൾക്കു ചുറ്റുമായിരിക്കുന്നതിൽ എനിക്ക് വളരെയധികം ഉത്കണ്ഠയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അത് ഒരു ആശങ്കയേ അല്ലായെന്ന് എനിക്ക് പറയാൻ സാധിക്കും. നമ്മിൽ അത്ഭുതം ജനിപ്പിക്കുന്ന ആളുകളെ ഞങ്ങൾ കണ്ടുമുട്ടി. ഇനിമുതൽ ഞങ്ങൾ എല്ലാവരും ആജീവനാന്ത സുഹൃത്തുക്കളായിരിക്കും. ഇങ്ങനെയൊരു കാര്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല” – ജെന്നിഫർ പറയുന്നു.
17 കപ്പലുകളിലായി വ്യത്യസ്ത സ്ഥാനങ്ങളിലൂടെയാണ് റോയൽ കരീബിയൻസ് യാത്ര ആവിഷ്കരിച്ചത്. അവരുടെ വെബ്‌സൈറ്റ് അനുസരിച്ച്, ഓരോ വ്യക്തിക്കും $60,000-നും $117,000-നും ഇടയിലുള്ള തുകയാണ് ഈടാക്കുന്നത്. ഈ യാത്ര എല്ലാവർക്കുംതന്നെ ഒരു സ്വപ്നസാക്ഷാത്കാരവും ജീവിതാഭിലാഷവുമാണ്.
“ഞാൻ നിരവധി സ്ഥലങ്ങൾ കണ്ടു. ലോകമെമ്പാടുമുള്ള നിരവധി സംസ്കാരങ്ങളിൽനിന്നും ആളുകളിൽനിന്നും പഠിച്ചു. അത് ലോകത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് വിശാലമാക്കി. ഒരർഥത്തിൽ യാത്രയ്ക്കുശേഷം ഞാൻ വിദ്യാസമ്പന്നനായി എന്നു തോന്നുന്നു. കാരണം, എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. ഒരുപാട് കാര്യങ്ങൾ ഞാനിപ്പോൾ മനസ്സിലാക്കി” – ദക്ഷിണ ആഫ്രിക്കയിൽനിന്നുള്ള ഓസ്‌തൂയ്‌സെൻ പറഞ്ഞു. എല്ലാം പാക്ക് ചെയ്ത് ഒൻപതു മാസത്തേക്ക് ഒരു യാത്ര പോകുമ്പോൾ ജീവിതം നിലച്ചുപോകുമെന്നു നിങ്ങൾ വിചാരിച്ചേക്കാം. പക്ഷേ ഒരിക്കലുമില്ല” – അവർ പറഞ്ഞു.
ഈ യാത്ര ലോകത്തെ മനസ്സിലാക്കുന്നതിനോടൊപ്പം സ്വയം മനസ്സിലാക്കാൻകൂടി സഹായകരമായി എന്നാണ് ഭൂരിഭാഗം യാത്രികരും വെളിപ്പെടുത്തിയത്.