പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ്, ഫോക്സ് ന്യൂസ് അവതാരകനും മുൻ സൈനികനുമായ പീറ്റർ ഹെഗ്‌സെത്തിനെ തന്റെ പ്രതിരോധ സെക്രട്ടറിയായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“പീറ്റർ തന്റെ ജീവിതകാലം മുഴുവൻ സൈനികർക്കും രാജ്യത്തിനുംവേണ്ടി ഒരു യോദ്ധാവായി ചെലവഴിച്ചു. പീറ്റർ ധീരനും മിടുക്കനും യഥാർഥ വിശ്വാസിയുമാണ്. അമേരിക്കയുടെ ശത്രുക്കൾ ശ്രദ്ധിക്കുന്നു. പീറ്റർ അധികാരത്തിലിരിക്കെ നമ്മുടെ സൈന്യം വീണ്ടും മഹത്തരമാകും. അമേരിക്ക ഒരിക്കലും പിന്മാറുകയില്ല” – ട്രംപ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ച ഹെഗ്സത്തിന് സൈന്യത്തിൽ നീണ്ട കാലം സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുണ്ട്. അധികാരത്തിലിരിക്കുമ്പോഴും പുറത്തായിരിക്കുമ്പോഴും നിരവധി വർഷങ്ങളായി ട്രംപിന്റെ അനൗപചാരിക ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ട്രംപിന്റെ ആദ്യഭരണത്തിൽ നിരവധി സ്ഥാനങ്ങളിലേക്ക് ഹെഗ്സത്തിനെ പരിഗണിച്ചിരുന്നുവെങ്കിലും അത് പ്രവർത്തികമായിരുന്നില്ല.