Saturday, November 23, 2024

റഷ്യ വിക്ഷേപിച്ചത് ബഹിരാകാശ ആയുധമെന്ന് യുഎസ്

കഴിഞ്ഞയാഴ്ച റഷ്യ വിക്ഷേപിച്ച ഉപഗ്രഹം ബഹിരാകാശ ആയുധമാണെന്നു കരുതുന്നതായി അമേരിക്ക. മറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാനുള്ള ശേഷി ഇതിനുണ്ടെന്ന് അനുമാനിക്കുന്നതായി പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡന്‍ പറഞ്ഞു.

അമേരിക്കയുടെ ഉപഗ്രഹം ഭ്രമണം ചെയ്യുന്ന അതേ പാതയിലാണു റഷ്യ ഉപഗ്രഹത്തെ എത്തിച്ചിരിക്കുന്നത്. അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടതു ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ ഉപഗ്രഹം ബഹിരാകാശ ആയുധമാണെന്ന സൂചന അമേരിക്കയുടെ ബഹിരാകാശ കമാന്‍ഡും നല്കുകയുണ്ടായി.

കോസ്‌മോസ് 2576 എന്ന ഉപഗ്രഹമാണു റഷ്യ കഴിഞ്ഞയാഴ്ച ഭൂമിയോടു ചേര്‍ന്ന ഭ്രമണപഥത്തില്‍ എത്തിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനുവേണ്ടിയായിരുന്നു വിക്ഷേപണം എന്നാണ് അറിയിപ്പ്. അമേരിക്കയുടെ യുഎസ്എ-314 എന്ന ഉപഗ്രഹം ഇതേ ഭ്രമണപഥത്തിലുണ്ട്. യുക്രെയ്ന്‍ സേനയെ സഹായിക്കുന്ന അമേരിക്കന്‍ ഉപഗ്രഹങ്ങളെ ലക്ഷ്യമിടുമെന്ന് റഷ്യ നേരത്തേ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. ബഹിരാകാശത്തെ യുദ്ധമേഖലയാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം റഷ്യയും അമേരിക്കയും പരസ്പരം ഉന്നയിക്കാറുള്ളതാണ്.

Latest News