Saturday, November 23, 2024

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കുവേണ്ടി സ്വരമുയർത്തി യൂണിസെഫ്

അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കുംവേണ്ടി സ്വരമുയർത്താൻ നാം തയ്യാറാകണമെന്ന് യൂണിസെഫ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ സ്വപ്‌നങ്ങൾ നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വെളിപ്പെടുത്തി. ഒക്ടോബർ 31 ന് സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലാണ് അഫ്‌ഗാനിസ്ഥാനിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് യൂണിസെഫ് ശ്രദ്ധ ക്ഷണിച്ചത്.

മൂന്നുവർഷത്തിലധികമായി അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സെക്കണ്ടറി സ്കൂൾ വിദ്യാഭ്യാസം നിരോധിക്കപ്പെട്ടതിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, സ്‌കൂളുകളിൽനിന്ന് അകറ്റപ്പെട്ട ഈ പെൺകുട്ടികൾ തങ്ങളുടെ വീടുകളിൽ അടയ്ക്കപ്പെട്ടിരിക്കുകയാണെന്നും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും യൂണിസെഫ് അപലപിച്ചു. പല പെൺകുട്ടികളും പ്രായപൂർത്തിയെത്തുന്നതിനുമുൻപേ വിവാഹത്തിന് നിർബന്ധിതരാകുകയാണെന്നും ഐക്യരാഷ്ട്ര സഭാസംഘടന കുറ്റപ്പെടുത്തി.

ജനസംഖ്യയിലെ പകുതി ആളുകളെ പൊതുസമൂഹത്തിൽനിന്നു മാറ്റി ഒരു രാജ്യത്തിനും മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് യൂണിസെഫ് ഓർമിപ്പിച്ചു. താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്നുണ്ടായ നിരവധി മാറ്റങ്ങളിലൊന്നായിരുന്നു പെൺകുട്ടികൾക്ക് സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസം നിരോധിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നുവർഷങ്ങളിൽ ഏതാണ്ട് 15 ലക്ഷത്തോളം പെൺകുട്ടികൾക്കാണ് ഉന്നതവിദ്യാഭ്യാസ സാധ്യതകൾ നിരോധിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News