പോഷകാഹാരക്കുറവുമൂലം സുഡാനില്‍ ഏഴുലക്ഷത്തിലധികം കുട്ടികളുടെ ജീവന്‍ അപകടത്തിലെന്ന് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി ‘യൂണിസെഫ്.’ രാജ്യത്തെ രണ്ടരക്കോടിയോളം വരുന്ന കുട്ടികളില്‍, ഒന്നരക്കോടിയോളം കുട്ടികള്‍ക്ക് അടിയന്തിരമായി മാനവികസഹായം ആവശ്യമുണ്ടെന്നും ഇവരില്‍ ബഹുഭൂരിപക്ഷത്തിനും സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാകുന്നില്ലെന്നും യൂണിസെഫ് അധ്യക്ഷ കാതറിന്‍ റസ്സല്‍ വ്യക്തമാക്കി. പോര്‍ട്ട് ഓഫ് സുഡാനില്‍ നടത്തിയ ഒരു ഔദ്യോഗികയാത്രയുടെ അവസാനത്തില്‍, ജൂണ്‍ 26-നു പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സുഡാനിലെ കുട്ടികള്‍ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് ശ്രീമതി റസ്സല്‍ വിശദീകരിച്ചത്.
2023-ല്‍ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റതും മരണമടഞ്ഞതുമായ കുട്ടികളുടെ എണ്ണം 3,800 കവിയുമെന്ന് യൂണിസെഫ് അധ്യക്ഷ അറിയിച്ചു. വടക്കന്‍ ദാര്‍ഫൂറിലെ എല്‍ ഫാഷറില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങളുടെ ഇരകളായത് 400-ലധികം കുട്ടികളാണ്. ജനനിബിഢപ്രദേശങ്ങളില്‍ സ്‌ഫോടകവസ്തുക്കളുപയോഗിച്ചു നടത്തുന്ന അക്രമങ്ങള്‍മൂലം നിരവധി കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് ഭീഷണിയിലാകുന്നതെന്ന് യൂണിസെഫ് അധ്യക്ഷ വിവരിച്ചു. എല്‍ ഫാഷറിലുള്ള ‘സൗദി മാതൃത്വ ആരോഗ്യപരിപാലനകേന്ദ്രം’ ബോംബിട്ട് തകര്‍ക്കപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ്.
സുഡാനില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തുടരുന്ന യുദ്ധം മൂലം കുട്ടികള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന് കാതറിന്‍ റസ്സല്‍ അറിയിച്ചു. കുട്ടികളാണ് ഇത്തരം യുദ്ധങ്ങളുടെ ദുരനുഭവങ്ങള്‍ കൂടുതലായി ഏല്‍ക്കേണ്ടിവരുന്നതെന്നും രാജ്യത്ത് സ്വഭവനങ്ങള്‍ വിട്ടിറങ്ങാന്‍ ലക്ഷക്കണക്കിനു കുട്ടികള്‍ നിര്‍ബന്ധിതരാകുന്നുവെന്നും യൂണിസെഫ് ഡിറ്റക്ടര്‍ ജനറല്‍ വ്യക്തമാക്കി. ലോകത്ത് ഭവനരഹിതരായ ഏറ്റവും കൂടുതല്‍ കുട്ടികള്‍ സുഡാനിലാണ് ജീവിക്കുന്നത്.
രാജ്യത്തെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായി, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നീണ്ടുനില്‍ക്കുന്ന സമാധാനം ഉറപ്പാക്കാനായി ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യൂണിസെഫ് ആവശ്യപ്പെട്ടു. നിരോധനങ്ങള്‍ നീക്കി, മാനവികസഹായമെത്തിക്കാന്‍ സംഘടനകള്‍ക്കു സൗകര്യമൊരുക്കണമെന്നും ശിശുക്ഷേമനിധിയുടെ പത്രക്കുറിപ്പ് നിര്‍ദേശിച്ചു.