കേരളത്തിലെ ക്രൈസ്തവസമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സത്വരനടപടികള്‍ കൈക്കൊള്ളാന്‍ സീറോമലബാര്‍ അത്മായ ഫോറം അഭ്യര്‍ഥിക്കുന്നു. കര്‍ഷകര്‍ അനുഭവിക്കുന്ന വിവേചനങ്ങളും കഷ്ടതകളും മനസിലാക്കി അനുകൂല തീരുമാനങ്ങള്‍ക്കു വഴിയൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജെ. ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ പ്രായോഗികനടപടികള്‍ വൈകുന്നത് ക്രൈസ്തവസമൂഹത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു.
കേരളത്തിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിവിധിക്കുശേഷവും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടാതെനില്ക്കുന്നു എന്ന സത്യം സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കണം. കൃഷിഭൂമിയിലിറങ്ങുന്ന വന്യമൃഗങ്ങള്‍ കര്‍ഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കര്‍ഷകനെ സംരക്ഷിക്കുന്ന നയങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് ദുഃഖകരമാണ്. വന്യമൃഗങ്ങളുടെ ആക്രമണങ്ങള്മൂലമുള്ള ജീവഹാനി സമീപകാലത്ത് വളരെയേറെ വര്‍ധിച്ചിരിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വനംവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും നിരാശാജനകമാണ്.
വന്യമൃഗശല്യവും വിലയിടിവും കൊണ്ട് ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ മഴക്കാലദുരിതങ്ങളും ഏറ്റുവാങ്ങുന്നതോടെ കര്‍ഷകജീവിതങ്ങളെ വീണ്ടും ദുരിതക്കയത്തിലേക്കു തള്ളിവിടുകയാണെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. കാര്‍ഷികമേഖലയിലെ പ്രതിസന്ധി ഇപ്പോഴും സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടില്ല. കൃഷിനാശത്തിന് ഇരകളായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചോ, അവരുടെ വായ്പാഭാരം ലഘൂകരിക്കുന്നതിനോ കാര്യമായ നടപടികളൊന്നുമില്ല. ബാങ്കുകളും ഇക്കാര്യത്തില്‍ വിമുഖത കാണിക്കുകയാണ്. കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ചോ, കാലാവധി നീട്ടിനല്കുന്നതിനെക്കുറിച്ചോ കാര്യമായ ചര്‍ച്ചകള്‍പോലും നടക്കുന്നില്ല. പ്രതിസന്ധികളില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.
റവന്യൂ-വനം-ന്യൂനപക്ഷക്ഷേമം-തദ്ദേശസ്വയംഭരണം-കൃഷി എന്നീ വകുപ്പ് മന്ത്രിമാരുടെ സംയോജിതനീക്കങ്ങള് ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഉണ്ടാകണം. സംവരണേതര വിഭാഗങ്ങള്‍ക്കായുള്ള സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം അര്‍ഹരായവര്‍ക്കു ലഭിക്കുന്നതില്‍ നേരിടുന്ന പ്രായോഗികപ്രശ്നങ്ങളെക്കുറിച്ചും സ്വാശ്രയസ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്ന നിയമനിര്മ്മാണങ്ങളെക്കുറിച്ചുമുള്ള ആശങ്കകള്‍ പരിഹരിക്കണം.
കര്‍ഷകരുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന വന്യമൃഗശല്യം, ബഫര്‍സോണും പരിസ്ഥിതിലോലപ്രദേശങ്ങളും നിര്‍ണ്ണയിക്കുന്നതിലെ അശാസ്ത്രീയത, ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍, കുട്ടനാട്ടിലെ കര്‍ഷകരും തീരദേശനിവാസികളും അനുഭവിക്കുന്ന പ്രതിസന്ധികള്‍ എന്നിവ സംസ്ഥാന സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കണം. രാഷ്ട്രനിര്‍മ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള ആശങ്ക സീറോമലബാര്‍ അത്മായ ഫോറം സംസ്ഥാനസര്‍ക്കാരിനെ അറിയിക്കുന്നു. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ ക്രൈസ്തവര്‍ക്കെതിരെ നീതീകരിക്കാനാകാത്ത വിവേചനവും നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ വിവിധ മേഖലകളില്‍ ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അത്മായ ഫോറം അഭ്യര്‍ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി
അത്മായ ഫോറം സെക്രട്ടറി, സീറോമലബാര്‍ സഭ, എറണാകുളം