ജർമനി നടത്തിയ ജൂത വംശഹത്യയെ ശക്തിയുക്തം എതിർത്തതിന്റെപേരിൽ കുപ്രസിദ്ധി നേടിയ ഉർസുല ഹാവർബെക്ക് അന്തരിച്ചു. ജർമനിയിലെ ഏറ്റവും കുപ്രസിദ്ധമായ ഹോളോകോസ്റ്റ് നിഷേധികളിലൊരാളും രാജ്യത്തെ തീവ്ര വലതുപക്ഷ, നവ-നാസിപ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ഇവർ ഏറ്റവും പുതിയ ജയിൽശിക്ഷ കാത്തിരിക്കുമ്പോഴാണ് മരണത്തിനു കീഴടങ്ങിയത്.
ഓഷ്വിറ്റ്സ് ഒരു തൊഴിൽക്യാമ്പ് മാത്രമാണെന്നും ഒരു മരണക്യാമ്പല്ലെന്നും അവിടെ ആരെയും വാതകം ഉപയോഗിച്ച് കൊന്നിട്ടില്ലെന്നും അവർ അവകാശപ്പെട്ടു. നാസികൾ കൂട്ടക്കൊല നടത്തിയെന്നു തെളിയിക്കാൻ അവർ ഒരു ജർമൻ കോടതിയെ വെല്ലുവിളിക്കുകയും വംശഹത്യ ‘ചരിത്രത്തിലെ ഏറ്റവും വലുതും സുസ്ഥിരവുമായ നുണയാണെന്നും’ ടിവിയിൽ പ്രഖ്യാപിച്ചിരുന്നു. ഹോളോകോസ്റ്റിനെക്കുറിച്ച് നുണപറഞ്ഞതിന്, പ്രായമായ വിധവയെന്ന നിലയിൽ അവർ വർഷങ്ങളോളം ജയിലിൽ കിടക്കുകയും ജർമൻ മാധ്യമങ്ങൾ അവരെ ‘നാസി മുത്തശ്ശിയായി’ കണക്കാക്കുകയും ചെയ്തു.
അവരുടെ പ്രവൃത്തികൾ, പ്രത്യേകിച്ച് അവരുടെ ജീവിതത്തിന്റെ അവസാന രണ്ടു പതിറ്റാണ്ടുകളിൽ, നിരവധി ജർമൻകാർക്ക് നാണക്കേടുണ്ടാക്കുകയും വംശഹത്യാ നിഷേധവാദം പൊതുജീവിതത്തിൽനിന്ന് പൂർണ്ണമായും അകറ്റിനിർത്താൻ കാരണമാകുകയും ചെയ്തു. യഹൂദ വംശഹത്യയുടെ ക്രൂരത നിഷേധിക്കുകയോ, കുറച്ചുകാണിക്കുകയോ ചെയ്യുന്നതിൽനിന്ന് തന്നെപ്പോലുള്ള പൗരന്മാരെ തടയുന്നതിനായി രൂപകൽപന ചെയ്ത ദേശീയനിയമങ്ങൾ അവർ പതിവായി ഉയർത്തിക്കാട്ടിയിരുന്നു.
1928 ൽ ജനിച്ച ഹാവർബെക്ക് തന്നേക്കാൾ മുതിർന്ന മുൻ നാസി ഉദ്യോഗസ്ഥനായ വെർണർ ജോർജ് ഹാവർബെക്കിനെ വിവാഹം കഴിച്ചു. 1999 ൽ ഭർത്താവിന്റെ മരണം വരെ ഉർസുല പ്രധാനമായും ഭർത്താവിന്റെ നിഴലിൽ തുടർന്നു. അതിനുശേഷം അവർ അദ്ദേഹത്തെയും നാസികളെയും മഹത്വപ്പെടുത്തുന്ന രചനകളും മറ്റു കൃതികളും പ്രസിദ്ധീകരിക്കാനും വംശഹത്യയെക്കുറിച്ചുള്ള ചരിത്രരേഖകളെ ചോദ്യം ചെയ്യാനും തുടങ്ങി.
അത്തരം രചനകൾക്ക് 2004 ൽ അവർ ആദ്യമായി ശിക്ഷിക്കപ്പെടുകയും പിഴ ചുമത്തപ്പെടുകയും ചെയ്തു. തുടർന്ന് നിരവധി ശിക്ഷകൾ ലഭിച്ചു. 2015 ൽ ഒരു ഓഷ്വിറ്റ്സ് ഗാർഡിന്റെ വളരെ പ്രചാരമുള്ള വിചാരണയിൽ, ഹാവർബെക്ക് കോടതിമുറിക്ക് ഓഷ്വിറ്റ്സ് ഒരിക്കലും ഒരു മരണക്യാമ്പായിരുന്നില്ലെന്നു വെളിപ്പെടുത്താൻ മാധ്യമങ്ങളെ സമീപിക്കുകയും ചെയ്തു. അവിടെ ആളുകൾ കൊല്ലപ്പെട്ടുവെന്നു തെളിയിക്കണമെന്ന് അവർ കോടതിയെ വെല്ലുവിളിക്കുകയും അതുവഴി കോടതി അവർക്കു പത്തു മാസത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു.