Wednesday, June 10, 2026

നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരായ അതിക്രമം: നൂറിലധികം ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും യാത്രാവിലക്കേർപ്പെടുത്തി അമേരിക്ക

നിക്കരാഗ്വയിലെ മുറില്ലോ-ഒർട്ടേഗ ഏകാധിപത്യ ഭരണകൂടവുമായി ബന്ധമുള്ള നൂറിലധികം ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അമേരിക്ക വിസ വിലക്കേർപ്പെടുത്തിയതായി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. രാഷ്ട്രീയ തടവുകാരനായിരുന്ന ബ്രൂക്ലിൻ റിവേരയുടെ മരണത്തെത്തുടർന്നാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നിർണ്ണായക നടപടി. വർഷങ്ങളായി നിക്കരാഗ്വയിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ ആസൂത്രിതമായ പീഡനങ്ങൾ നടത്തുന്ന ഭരണകൂടത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതാണ് യു. എസിന്റെ ഈ പുതിയ നീക്കം.

“റോസാരിയോ മുറില്ലോയുടെയും ഡാനിയൽ ഒർട്ടേഗയുടെയും ഏകാധിപത്യ ഭരണകൂടത്തിന് ഒത്താശ ചെയ്യുന്ന നൂറിലധികം ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ ട്രംപ് ഭരണകൂടം വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു,” ജൂൺ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയിൽ മാർക്കോ റൂബിയോ വ്യക്തമാക്കി. ഇതോടെ, നിക്കരാഗ്വൻ ഭരണകൂടത്തിലെ 2,350-ലധികം ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും എതിരെ യു. എസ്. വിസ വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു.

2007 മുതൽ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയും അദ്ദേഹത്തിന്റെ ഭാര്യയും വൈസ് പ്രസിഡന്റുമായ റോസാരിയോ മുറില്ലോയും ചേർന്ന് നിക്കരാഗ്വയിൽ കടുത്ത ഏകാധിപത്യ ഭരണമാണ് നടത്തുന്നത്. പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുക, നാടുകടത്തുക, അക്രമങ്ങൾ അഴിച്ചുവിടുക, പൗരാവകാശങ്ങൾ റദ്ദാക്കുക, തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുക, കത്തോലിക്കാ സഭയെ വേട്ടയാടുക എന്നിവയാണ് ഈ ഭരണകൂടത്തിന്റെ പ്രധാന ശൈലി.

തദ്ദേശീയ ജനവിഭാഗങ്ങളുടെ നേതാവും രാഷ്ട്രീയ തടവുകാരനുമായിരുന്ന 73-കാരൻ ബ്രൂക്ലിൻ റിവേരയുടെ ദാരുണമായ മരണത്തോടുള്ള പ്രതികരണമായാണ് യു.എസിന്റെ പുതിയ നടപടി. 970 ദിവസത്തിലധികം റിവേരയുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഭരണകൂടം തടവിലിട്ടിരിക്കുകയായിരുന്നു.

നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരെ ക്രൂരമായ അതിക്രമങ്ങളാണ് കാലങ്ങളായി തുടരുന്നത്. ആരാധനാക്രമങ്ങൾക്കും വിശുദ്ധ കുർബാനകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തുക, ബിഷപ്പുമാരെയും വൈദികരെയും നിർബന്ധിതമായി നാടുകടത്തുകയോ തടവിലാക്കുകയോ ചെയ്യുക, കത്തോലിക്കാ സ്ഥാപനങ്ങൾ ബലമായി പൂട്ടിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ നാടുകടത്തപ്പെട്ട ബിഷപ്പുമാരുള്ള രൂപതകളിൽ പുതിയ വൈദികരെ വാഴിക്കുന്നതിനും ഭരണകൂടം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മുറില്ലോ-ഒർട്ടേഗ ഭരണകൂടം ‘മനുഷ്യരാശിയുടെ ശത്രു’ ആണെന്നും അവരുടെ ക്രൂരതകളെയും കുറ്റകൃത്യങ്ങളെയും ട്രംപ് ഭരണകൂടം അവഗണിക്കില്ലെന്നും മാർക്കോ റൂബിയോ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News