അമേരിക്കൻ തിരഞ്ഞെടുപ്പിൽ അധികാരം ഉറപ്പിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. 267 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ട്രംപ് തന്റെ ചരിത്രവിജയം കുറിച്ചത്. കേവല ഭൂരിപക്ഷത്തിന് ട്രംപിന് ഇനി വേണ്ടത് മൂന്ന് ഇലക്ടറൽ വോട്ടുകൾ മാത്രമാണ്. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വിജയപ്രസംഗം.
“നാം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയവിജയമാണ്. അമേരിക്കൻജനതയ്ക്ക് നന്ദി പറയുന്നു” – തിരഞ്ഞെടുപ്പുഫലം അനുകൂലമായതോടെ ട്രംപ് വെളിപ്പെടുത്തി. മുന്നേറ്റം ഉറപ്പിച്ചശേഷം നടന്ന പൊതുയോഗത്തിൽ അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് ആണെന്ന് ഡൊണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും പ്രസംഗത്തിനായി അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. പ്രചാരണത്തിൽ വലിയ പങ്കുവഹിച്ച ടെസ്‌ല മേധാവി ഇലോൺ മസ്കിനെയും ട്രംപ് പ്രസംഗത്തിൽ പ്രശംസിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ താരം എന്നാണ് ഇലോൺ മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്.
ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യു. എസ്. വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് ലഭിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ് നടക്കുന്നത്. അന്നായിരിക്കും യഥാർഥത്തിൽ പുതിയ അമേരിക്കൻ പ്രസിഡന്റിനെ ലോകത്തിനു വെളിപ്പെടുക. തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും ഇലക്ടറൽ കോളേജിൽ മതിയായ ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാൽ പ്രസിഡന്റ് പദവി നഷ്‌ടമായ സംഭവങ്ങൾ അമേരിക്കൻ ചരിത്രത്തിൽ പുതുമയുള്ളതല്ല എന്നതിനാൽത്തന്നെ 2025 ജനുവരി ആറ് അമേരിക്കൻചരിത്രത്തിൽ നിർണ്ണായകമാകും.