Thursday, February 27, 2025

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി ഉണ്ടെന്നറിയിച്ച് വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യത്തിൽ നേരിയ പുരോഗതി ഉണ്ടെന്നറിയിച്ച് വത്തിക്കാൻ. കഴിഞ്ഞ രാത്രി പാപ്പ ശാന്തമായി ഉറങ്ങിയെന്ന് ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.

മുൻദിവസങ്ങളിൽ നടത്തിയ രക്തപരിശോധനയിൽ കണ്ട വ്യത്യാസങ്ങൾ ഇപ്പോഴില്ലെന്നും ശ്വേതരക്താണുക്കളുടെ അളവ് സാധാരണ നിലയിൽ തുടരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രസ്സ് ഓഫീസ് വ്യക്തമാക്കിയിരുന്നു. രണ്ടു ദിവസങ്ങൾക്കുമുൻപ് അനുഭവപ്പെട്ടിരുന്ന ശ്വാസതടസ്സം കഴിഞ്ഞ ദിവസം അനുഭവപ്പെട്ടില്ലെന്നും പരിശുദ്ധ സിംഹാസനം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ പാപ്പയ്ക്ക് ശക്തമായ ന്യുമോണിയ ബാധ കണ്ടെത്തിയതിനെത്തുടർന്ന് കൂടുതലായി നൽകിയ ചികിത്സകൾ എത്രമാത്രം ഫലപ്രദമായെന്ന് നിരീക്ഷിക്കാനായി ചൊവ്വാഴ്ച പാപ്പയ്ക്ക് സി ടി സ്കാൻ നടത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലങ്ങളോ, പാപ്പയുടെ ആരോഗ്യസ്ഥിയിലുണ്ടായേക്കാവുന്ന മാറ്റങ്ങളോ സംബന്ധിച്ച കാര്യങ്ങളോ പ്രസ്സ്  ഓഫീസ് പുറത്തുവിട്ടില്ല.

ചൊവ്വാഴ്ച രാവിലെയും വിശുദ്ധ കുർബാന സ്വീകരിച്ച പാപ്പ, മുൻപുണ്ടായിരുന്നതുപോലെ ജോലികളിൽ മുഴുകിയെന്ന് ഇതേദിവസം വൈകുന്നേരത്തെ വാർത്താക്കുറിപ്പിലൂടെ പ്രസ്സ് ഓഫീസ് അറിയിച്ചിരുന്നു. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ കാരണം ഫെബ്രുവരി 14 വെള്ളിയാഴ്ച റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് പാപ്പ ഇത് പതിമൂന്നാം ദിവസമാണ് ആശുപത്രിയിൽ തുടരുന്നത്.

ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ പാപ്പയ്ക്കുവേണ്ടി വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ വൈകുന്നേരം ഒൻപതു മണിക്ക് ജപമാല ചൊല്ലുന്നുണ്ട്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News