കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജലപ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷന്‍. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന തെക്കന്‍ മേഖലയിലാണ് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നത്.
ഇവിടങ്ങളില്‍ മൊത്തം റിസര്‍വോയര്‍ ശേഷിയുടെ 17 ശതമാനം മാത്രമാണ് ബാക്കിയുളളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുറവാണിത്. ഇത് സംസ്ഥാനങ്ങളിലെ ജലസേചനം, കുടിവെള്ള വിതരണം, വൈദ്യുത ഉല്‍പ്പാദനം തുടങ്ങിയവയില്‍ വലിയ വെല്ലുവിളിയുയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനു വിപരീതമായി, അസം, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജലസംഭരണ നിലവാരത്തില്‍ വലിയ പുരോഗതിയുണ്ട്. ഈ മേഖലയിലെ റിസര്‍വോയറുകളില്‍ മൊത്തം ശേഷിയുടെ 39 ശതമാനം വെളളമുണ്ട്. ഗുജറാത്തും മഹാരാഷ്ട്രയും അടങ്ങുന്ന പടിഞ്ഞാറന്‍ മേഖലയിലും താരതമ്യേന മെച്ചപ്പെട്ട നിലയാണുള്ളത്. എങ്കിലും ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. വടക്കന്‍, മധ്യ ഭാഗങ്ങളിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജല ലഭ്യതയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.
അതേസമയം ബ്രഹ്മപുത്ര, നര്‍മ്മദ, തുടങ്ങിയ നദീതടങ്ങളില്‍ സാധാരണ നിലയേക്കാള്‍ മികച്ച സംഭരണമുള്ളതായും മഹാനദിക്കും പെണ്ണാറിനും ഇടയില്‍ കാവേരി, കിഴക്കോട്ട് ഒഴുകുന്ന നദികള്‍ എന്നിവയില്‍ വളരെ കുറവുള്ളതായും കണ്ടെത്തി.