Sunday, November 24, 2024

ബംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം; കാര്‍ കഴുകാനും ചെടി നനയ്ക്കാനും കുടിവെള്ളം ഉപയോഗിച്ചാല്‍ വന്‍തുക പിഴ

ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ബംഗളൂരുവില്‍ കാര്‍ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് കര്‍ണാടക നിരോധിച്ചു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണിയ്ക്കും കുടിവെള്ളം ഉപയോഗിക്കുന്നതും കര്‍ണാടക നിരോധിച്ചു.

നിയമലംഘനമുണ്ടായാല്‍ 5,000 രൂപ പിഴ ചുമത്താനും കര്‍ണാടക വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡ് (കെഡബ്ല്യുഎസ്എസ്ബി) തീരുമാനിച്ചു. ബംഗളൂരു നഗരം രൂക്ഷമായ ജലക്ഷാമത്തില്‍ വലയുകയാണ്. കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ ബംഗളൂരുവില്‍ വളരെ കുറവ് മഴയാണ് ലഭിച്ചത്. നഗരത്തില്‍ മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റുന്ന സാഹചര്യവുമുണ്ടായി.

അപ്പാര്‍ട്ട്‌മെന്റുകളിലും കോംപ്ലക്‌സുകളിലും വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്. കുടിവെള്ള ക്ഷാമം ചര്‍ച്ചയായതിന് പിന്നാലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

 

 

Latest News