നമ്മുടെ സമൂഹത്തിന് ഓട്ടിസത്തെക്കുറിച്ച് അറിവ് നല്‍കുക, ഓട്ടിസമുള്ള കുട്ടികളെ ഒറ്റപെടുത്താതെ നമ്മളില്‍ ഒരാളായി കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ മാസം രണ്ടാം തീയതി ലോക ഓട്ടിസം ബോധവത്കരണ ദിനമായി ആഘോഷിക്കുന്നത്. ‘Empowering Autistic Voices’ എന്നതാണ് ഈ വര്‍ഷത്തെ ഓട്ടിസം ദിന പ്രമേയം.
രോഗമായല്ല ഒരു അവസ്ഥയായാണ് ഓട്ടിസത്തെ കണക്കുന്നത്. തലച്ചോറിലെ ചില വ്യത്യാസങ്ങള്‍ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം. കുട്ടികളില്‍ മൂന്ന് വയസ്സിനു മുന്‍പേ ഇത് ആരംഭിക്കുകയും ജീവിതത്തിലുടനീളം നീണ്ടു നീക്കുകയും ചെയ്യും. ലോകമെമ്പാടും ഓട്ടിസം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കുട്ടികള്‍ ഓട്ടിസം രോഗനിര്ണയം നടത്തുകയും ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നതായി സിഡിസി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍) കണക്കുകള്‍ വ്യക്തമാക്കുന്നു. നൂറ് കുട്ടികളില്‍ ഒരാള്‍ക്ക് ഓട്ടിസം സ്ഥിരീകരിക്കുന്നുണ്ട്.
എന്തൊക്കെ ശ്രദ്ധിക്കണം?
കുട്ടികള്‍ പ്രകടമാക്കുന്ന സ്വഭാവ വ്യത്യാസത്തിലൂടെയാണ് ഓട്ടിസം ഉണ്ടെന്നു ആദ്യം മനസിലാക്കുന്നത് . ഓരോ കുട്ടിയിലും ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികള്‍ ആദ്യ കാലങ്ങളില്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കുകയോ ഇടപഴകുകയോ ചെയ്യാറില്ല. പ്രതികരണ ശേഷിയും കുറവായിരിക്കും. അച്ഛനമ്മമാരോട് പോലും അടുപ്പം കാണിക്കുകയോ പരിചയത്തോടെ ചിരിക്കുകയോ ചെയ്യാറില്ല. സംസാര വൈകല്യവും കുട്ടികളില്‍ പ്രകടമാകാറുണ്ട്. ആദ്യം സംസാരശേഷി ഉള്ള കുട്ടികളിലും ചിലപ്പോള്‍ പതിയെ സംസാരം കുറയാം. ചില ഓട്ടിസം കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ചില കുട്ടികള്‍ അപരിചിതരോട് പരിചിത ഭാവത്തില്‍ പെരുമാറാറുമുണ്ട്. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം ലക്ഷണങ്ങളുള്ള കുട്ടികളില്‍ കാണാം.
രോഗനിര്‍ണയം എങ്ങനെ ?
ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) നിര്‍ണയിക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം ഡിസോര്‍ഡര്‍ നിര്‍ണയിക്കാന്‍ രക്തപരിശോധന പോലെയുള്ള മെഡിക്കല്‍ പരിശോധനകളൊന്നുമില്ല. രോഗനിര്‍ണയം നടത്താന്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ വികസന ചരിത്രവും പെരുമാറ്റവും പഠിക്കണം. രണ്ട് വയസ്സുള്ളപ്പോള്‍, പരിചയസമ്പന്നനായ ഒരു പ്രൊഫഷണലിന്റെ രോഗനിര്‍ണയം വിശ്വസനീയമായി കണക്കാക്കാം. എന്നിരുന്നാലും, കൂടുതല്‍ പ്രായമാകുന്നതുവരെ പല കുട്ടികള്‍ക്കും അന്തിമ രോഗനിര്‍ണയം ലഭിക്കുന്നില്ല.
ദൈനംദിന പ്രവര്‍ത്തനത്തെയും ജീവിത നിലവാരത്തെയും തടസ്സപ്പെടുത്തുന്ന ലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികിത്സയാണ് ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് നല്‍കുന്നത്. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ എല്ലാവരും ഒരേ ലക്ഷണം അല്ല കാണിക്കുന്നതെന്നതിനാല്‍ ചികിത്സകളിലും വ്യത്യാസം ഉണ്ട്.
ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് വ്യത്യസ്ത രീതിയിലുള്ള തെറാപ്പികള്‍ നല്‍കുന്നുണ്ട്. സ്പീച്, ബിഹേവിയറല്‍ തുടങ്ങിയ തെറാപ്പികള്‍ ഇവയില്‍ ചിലതാണ്. ഓട്ടിസമുള്ള കുട്ടികള്‍ മാറ്റി എടുക്കേണ്ട സ്വഭാവരീതികള്‍ കണ്ടെത്താനും ഇവരില്‍ വളര്‍ത്തിയെടുക്കേണ്ട കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും തെറാപ്പിസ്റ്റുകളുടെയും മാതാപിതാക്കളുടെയും അധ്യാപലരുടെയും സഹകരണം ആവശ്യമാണ്. നേരത്തേയുള്ള പരിശീലനം, പ്രത്യേക വിദ്യാഭ്യാസം, ബിഹേവിയര്‍ തെറാപ്പികള്‍, കുടുംബത്തിന്റെ പിന്തുണ എന്നിവയിലൂടെ ഈ കുട്ടികളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.