ഐക്യരാഷ്ട്രസഭയുടെ (യുഎന്‍) ഒരു വാര്‍ഷിക നിരീക്ഷണമാണ് അന്താരാഷ്ട്ര വനദിനം. എല്ലാത്തരം വനങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അനുസ്മരിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനുമായാണ് യുഎന്‍ പൊതുസഭ മാര്‍ച്ച് 21 നെ അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘വനങ്ങളും നവീകരണവും: മെച്ചപ്പെട്ട സമൂഹത്തിനായുള്ള പുതിയ പരിഹാരങ്ങള്‍’ എന്നതാണ് ഈ വര്‍ഷത്തെ വന ദിനത്തിന്റെ തീം.
ജീവജാലങ്ങളുടെ അതിജീവനത്തിലും വളര്‍ച്ചയിലും വനങ്ങളുടെ മൂല്യം ഓര്‍മ്മപ്പെടുത്തുന്നതിനായുള്ള ഒരു ദിനം കൂടിയാണിത്്. ഭക്ഷണം, വെള്ളം, പാര്‍പ്പിടം തുടങ്ങി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കണക്കാക്കാനാകാത്ത പല കാര്യങ്ങളും നല്‍കുന്നതില്‍ വനങ്ങള്‍ സുപ്രധാന പങ്കുതന്നെ വഹിക്കുന്നുണ്ട്.
അന്താരാഷ്ട്ര വനദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍ അടക്കം വിവിധ കാമ്പെയ്‌നുകള്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ നടത്തി വരാറുണ്ട്. ഐക്യരാഷ്ട്രസഭ ഫോറം ഓണ്‍ ഫോറസ്റ്റ്, ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടന (എഫ്എഒഒ) എന്നിവര്‍ വിവിധ സര്‍ക്കാരുകളുമായും ഈ മേഖലയിലെ മറ്റ് പ്രസക്തമായ സംഘടനകളുമായും സഹകരിച്ചാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ഇന്നത്തെയും- ഭാവിതലമുറയുടെയും അഭിവൃദ്ധിക്കും ക്ഷേമത്തിനും സംഭാവന നല്‍കുന്നതിനുള്ള പ്രാഥമിക മാര്‍ഗ്ഗമാണ് വനങ്ങളുടെ സുസ്ഥിര പരിപാലനവും അവയുടെ വിഭവങ്ങളുടെ ന്യായമായ ഉപയോഗവും. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) നേടുന്നതിലും വനങ്ങള്‍ക്ക് പങ്കുണ്ട്.