Sunday, November 24, 2024

ഇന്ന് ലോക ഉറക്ക ദിനം; ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചറിയാം

ഗുണനിലവാരമില്ലാത്ത ഉറക്കം ശരീരത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്നും, ഗുരുതരമായ രോഗങ്ങള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകുമെന്നും ഗവേഷണങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട ഒന്നാണ്. ഒരു വ്യക്തിക്ക് സ്വയം ആരോഗ്യം നിലനിര്‍ത്താനും കൂടാതെ മനസിനെ സന്തോഷമായും ശാന്തമായും നിലനിര്‍ത്തുന്നതിനും ഉറക്കം ആവശ്യമാണ്. ലോക ഉറക്ക ദിനമായ ഇന്ന് ഉറക്കത്തിന്റെ ആവശ്യത്തെക്കുറിച്ച് പരിശോധിക്കാം.

ആവശ്യത്തിന് ഉറങ്ങേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉറക്കത്തിന്റെ അഭാവവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനുമായി എല്ലാ വര്‍ഷവും ലോക ഉറക്ക ദിനം ആചരിക്കുന്നു. ലോകമെമ്പാടും ഉറക്കത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി വേള്‍ഡ് സ്ലീപ്പ് സൊസൈറ്റി എന്ന സംഘടനയാണ് ഇത് ആരംഭിച്ചത്.

നല്ല ഉറക്കം നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ പലര്‍ക്കും ശരിയായ അളവിലുള്ള നല്ല ഉറക്കം ലഭിക്കാറില്ല. മോശം ജീവിതശൈലിക്കൊപ്പം, ലോകമെമ്പാടുമുള്ള രോഗങ്ങളുടെയും രോഗികളുടെയും എണ്ണം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിദഗ്ദര്‍ മോശമായ ഉറക്കത്തെ കണക്കാക്കുന്നു. ‘Sleep Equity for Global Health’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഉറക്കദിനത്തിന്റെ പ്രമേയം. ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രമേയം ഓര്‍മിപ്പിക്കുന്നു.

ശരീരഭാരം നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉറക്കം ആളുകളെ സഹായിക്കുന്നു. ഏകാഗ്രതയും ഉല്‍പ്പാദനക്ഷമതയും, കൂടുതല്‍ കായികക്ഷമതയുള്ളവരായിരിക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, പ്രമേഹം നിയന്ത്രിക്കുക, പ്രതിരോധശേഷി മെച്ചപ്പെടുത്തുക, മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം നിയന്ത്രിക്കുക എന്നിവയ്ക്ക് ആളുകള്‍ക്ക് അവബോധം നല്‍കുകയാണ് ലോക നിദ്രാ ദിനം ആഘോഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, തലച്ചോറിനും ശാരീരിക ആരോഗ്യത്തിനും നല്ല ഉറക്കം അത്യാവശ്യമാണ്. ഏറ്റവും കുറഞ്ഞ പക്ഷം 6 മുതല്‍ 7 മണിക്കൂര്‍ ഉറക്കം ഒരു വ്യക്തിക്ക് അവശ്യമാണ്.

ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശരീരത്തിന് നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവ പരിശോധിക്കാം

1. ക്ഷീണം, അസമയത്ത് സമയങ്ങളില്‍ ഉണ്ടാകുന്ന ഉറക്കം എന്നിവയ്ക്ക് കുറഞ്ഞ അളവിലുള്ള ഉറക്കം കാരണമാകുന്നു.

2. കൃത്യമായ ഉറക്കം ലഭിക്കാതെ വന്നാല്‍ ശരീരഭാരം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോഴും ശരിയായ ഉറക്കം ലഭിച്ചില്ല എങ്കില്‍ പ്രയാസം അനുഭവിക്കേണ്ടതായി വരും.

3. രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്നു

4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നീ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു.

5. വിഷാദം, ഉത്കണ്ഠ എന്നിവ ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കുറഞ്ഞ ഉറക്കം കാരണമാകുന്നു.

6. ഏകാഗ്രത നഷ്ടപ്പെടുന്നു.

ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ചില ശീലങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. അവയില്‍ ചിലത് ഇനിപ്പറയുന്നവയാണ്:

1. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.

2. കിടപ്പുമുറിയുടെ അന്തരീക്ഷം നല്ല രീതിയില്‍ നിലനിര്‍ത്തുക

3. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് മണിക്കൂറുകളോളം ടിവിയും മൊബൈലും കാണുന്നത് ഒഴിവാക്കുക.

4. ശരിയായ സമയത്ത് സമീകൃതമായ ഭക്ഷണം കഴിക്കുക.

5. ക്രമമായ വ്യായാമം തുടരാന്‍ പരിശ്രമിക്കുക

6. ജോലിക്കിടയില്‍ വിശ്രമിക്കാന്‍ മറക്കരുത്.

7. കഫീന്‍ കഴിക്കുന്നത് പരമാവധി കുറയ്ക്കുക.

8. സ്ലീപ് അപ്നിയ, ഇന്‍സോമ്നിയ തുടങ്ങിയ ഉറക്ക പ്രശ്നങ്ങള്‍ക്ക് ചികിത്സ നേടുക.

 

Latest News