ആഗോളതലത്തില്‍ ഏപ്രിലില്‍ അനുഭവപ്പെട്ടത് റെക്കോര്‍ഡ് താപനിലയെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം ഏപ്രിലില്‍ സമുദ്രോപരിതല താപനിലയും ആഗോള അന്തരീക്ഷ താപനിലയും ശരാശരിയേക്കാള്‍ കൂടുതലാണ്. താപനില വര്‍ധിപ്പിക്കുന്ന എല്‍ നിനോ പ്രതിഭാസം ദുര്‍ബലമായിട്ടും കഴിഞ്ഞ മാസം അസാധാരണമാംവിധം ചൂടായിരുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം പറഞ്ഞു.
ഉയര്‍ന്ന താപനിലയും ഉഷ്ണതരംഗവും മാത്രമല്ല കനത്ത മഴയും വെള്ളപ്പൊക്കവും ഉള്ള വ്യത്യസ്തമായ കാലാവസ്ഥയായിരുന്നു ഏപ്രിലില്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ എല്ലാ മാസവും റെക്കോര്‍ഡ് ചൂട് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ 1.58 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെട്ടത്. 1850-1900 കാലഘട്ടത്തിലെ വ്യാവസായിക കാലഘട്ടത്തേക്കാള്‍ ചൂടാണിത്. എന്നാല്‍ 2015-16ലും സമാനമായ താപനില രേഖപ്പെടുത്തിയിരുന്നു. ഈ ഏപ്രിലില്‍ 1991-2020 കാലഘട്ടത്തേക്കാള്‍ 0.67°C ഉം 2016 ഏപ്രിലിനെ അപേക്ഷിച്ച് 0.14°C ഉം കൂടുതലായിരുന്നു.
കഴിഞ്ഞ 12 മാസങ്ങളിലെ ശരാശരി താപനില വ്യവസായിക കാലഘട്ടത്തിനു മുന്‍പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 1.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള 2015 ലെ പാരീസ് ഉടമ്പടിയെ ഇത് മറികടന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന ആഗോള താപനില എത്ര അസാധാരണമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വര്‍ഷം റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. യൂറോപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഏപ്രില്‍ കൂടിയാണ് ഈ മാസം.
ഇന്ത്യ മുതല്‍ വിയറ്റ്നാം വരെയുള്ള ഏഷ്യയുടെ ചില ഭാഗങ്ങളില്‍ ആഴ്ചകളായി കടുത്ത ഉഷ്ണതരംഗം രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ തെക്കന്‍ ബ്രസീലില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് വടക്കേ അമേരിക്ക, പശ്ചിമേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കിഴക്കന്‍ ഓസ്ട്രേലിയയിലും ഇത്തവണ കനത്ത മഴയാണ് അനുഭവപ്പെട്ടത്. പ്രകൃതിദത്തമായ എന്‍നിനോ പ്രതിഭാസം പസഫിക് സമുദ്രത്തെ ചൂടാക്കുകയും ആഗോള താപനില വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എല്‍നിനോ പ്രതിഭാസം ഈ വര്‍ഷം ആദ്യം കൂടുതലായിരുന്നെങ്കിലും ഏപ്രിലില്‍ സാധാരണ നിലയിലേക്കെത്തിയിരുന്നു. എന്നിരുന്നാലും ഏപ്രിലില്‍ സമുദ്രോപരിതല താപനില കൂടുതല്‍ തന്നെയായിരുന്നു.