ഗാസയിൽ ഇസ്രായേൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനു മറുപടിയായി, ഇസ്രായേലിന്റെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് സമഗ്ര വ്യോമ ഉപരോധം ഏർപ്പെടുത്തുമെന്നു പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതർ. ഇസ്രായേലിന്റെ ബെൻ ഗുരിയോൺ വിമാനത്താവളത്തിനു സമീപം നടന്ന മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാനുമായി സഖ്യത്തിലേർപ്പെട്ട ഹൂതികൾ ഏറ്റെടുക്കുകയും ഗാസയിലെ പലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രവർത്തിക്കുകയാണെന്നും ഹൂതികൾ പറഞ്ഞു.
ഹൂതി സേനയ്ക്കും വാണിജ്യ ഷിപ്പിംഗ് ഓപ്പറേറ്റർമാർക്കുമിടയിൽ ബന്ധം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ വർഷം രൂപീകരിച്ച ഒരു സംഘടനയായ ഹൂതികളുടെ മാനുഷിക പ്രവർത്തനങ്ങളുടെ ഏകീകരണ കേന്ദ്രം ഇസ്രായേലി വിമാനത്താവളങ്ങളെ ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ് നൽകി. ബെൻ ഗുരിയോൺ വിമാനത്താവളമായിരിക്കും പ്രധാനലക്ഷ്യമെന്നും അവർ പറഞ്ഞു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ, ആഗോള എയർലൈൻസ് ബോഡി, ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ എന്നിവയ്ക്കും ഒരു ഇമെയിൽ അയച്ചതായി പ്രസ്താവനയിൽ പറയുന്നു.
യെമനിൽ നിന്നുള്ള മിക്ക ആക്രമണങ്ങളും ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ടെൽ അവീവിൽ ഒരു ഡ്രോൺ ആക്രമണം നടന്നിരുന്നു. മാർച്ച് മുതൽ വിക്ഷേപിച്ച മിസൈൽ പരമ്പരയിൽ തകർക്കപ്പെടാതിരുന്ന ഒരേയൊരു മിസൈൽ ആക്രമണം ഞായറാഴ്ചത്തെ മിസൈൽ ആക്രമണമായിരുന്നു.