യുക്രൈന്റെ ധാതുസമ്പത്ത് പങ്കിടുന്നതു സംബന്ധിച്ച കരാറിൽ ഒപ്പുവയ്ക്കുന്നതിനായി യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വെള്ളിയാഴ്ച താനുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഉണ്ടാകാൻപോകുന്ന ഉഭയകക്ഷി കരാർ പ്രാഥമികം മാത്രമാണെന്ന് സെലെൻസ്‌കി വിശേഷിപ്പിച്ചു. റഷ്യൻ ആക്രമണം തടയാൻ യു എസ് സുരക്ഷാ ഗാരണ്ടികൾ ഉൾപ്പെടെയുള്ള കൂടുതൽ കരാറുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലെൻസ്‌കിയുടെ ദീർഘകാല അഭിലാഷങ്ങളിലൊന്നായ യുക്രൈന്റെ, നാറ്റോ അംഗമാകാനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞതായി റിപ്പോർട്ടുണ്ട്. കീവ് നാറ്റോയിൽ ചേരുന്നതിനെക്കുറിച്ച് മറക്കണമെന്ന് ട്രംപ് പറഞ്ഞു. യുദ്ധത്തിനു പിന്നിലെ പ്രേരകഘടകങ്ങളിൽ ഒന്നായിരുന്നു ഈ പ്രശ്‌നം എന്ന റഷ്യയുടെ അവകാശവാദം അദ്ദേഹം ആവർത്തിച്ചു.
പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഒരു രാജ്യമാണ് യുക്രൈൻ. ലോകത്തിലെ നിർണ്ണായക അസംസ്കൃതവസ്തുക്കളുടെ ഏകദേശം അഞ്ചു ശതമാനം അവിടെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.